sms

അടൂർ: കൊവിഡ് -19 പരിശോധനയ്ക്കായി സ്രവം എടുക്കാൻ വരുന്നവർക്ക് അടൂർ ജനറൽ ആശുപത്രിയിൽ അനുഭവിക്കേണ്ടി വരുന്നത് ഏറെ യാതനകൾ.

യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെയാണ് സ്രവപരിശോധന നടന്നുവരുന്നത്. ജില്ലയിൽ കൂടുതൽ ആളുകൾ പരിശോധനയ്ക്ക് എത്തുന്ന ആശുപത്രിയാണിത്. 150 മുതൽ 265 പേർ വരെ പ്രതിദിനം സാമ്പിൾ നൽകാൻ എത്തുന്നുണ്ട്. ഇത്രയും പേരുടെ സ്രവം ശേഖരിക്കാൻ ഒരു യൂണിറ്റ് മാത്രമാണുള്ളത്. ഇതാണ് താമസത്തിന് പ്രധാന കാരണം. ഒരു യൂണിറ്റുകുടി ഉണ്ടെങ്കിൽ സാമ്പിൾ ശേഖരണം വേഗത്തിലാക്കാൻ കഴിയും. പേ വാർഡിനോട് ചേർന്ന് ഇതിനായി ക്വിയോസ്ക്ക് സ്ഥാപിച്ചിട്ടുണ്ട്. കുറച്ചുപേർക്കിരിക്കാൻ സാമൂഹ്യാകലം പാലിച്ച് കസേരയുമുണ്ട്. 25 ഓളം പേരെ പേവാർഡിലും ഇരുത്തും. കൂടുതൽ ആളുകൾ വന്നുതുടങ്ങിയതോടെയാണ് കൂട്ടംകൂടി നിൽക്കുന്ന അവസ്ഥ സംജാതമായത്. രാവിലെ 9 മണിയോടെ പി.എച്ച്. സിയിൽ നിന്ന് വാഹനങ്ങളിലാണ് സ്രവ പരിശോധനയ്ക്ക് ആളുകളെ എത്തിക്കുന്നത്. വ്യാഴാഴ്ച പരിശോധന പൂർത്തിയായത് വൈകിട്ട് 4 മണിക്കാണ്. ഇതിനിടയിൽ ആഹാരം കഴിക്കാനും വെള്ളം കുടിക്കാനുമായി ആളുകൾ പുറത്തു പോകും. രോഗമില്ലെന്ന വിശ്വാസത്തിലാണ് പലരും പുറത്തിറങ്ങുന്നത്. ഇത് ഗുരുതരമായ പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന ആശങ്കയുണ്ട്.

1) സ്രവ പരിശോധനയ്ക്ക് എത്തുന്നവർ സാമൂഹ്യ അകലം പാലിക്കുന്നില്ല, കൂട്ടം കൂടി നിൽക്കുന്നു.

2) സ്രവം ശേഖരിക്കാൻ ഒരു യൂണിറ്റ് മാത്രം, മണിക്കൂറുകൾ

കാത്തു നിൽക്കേണ്ട അവസ്ഥ.

3) പരിശോധനയ്ക്കായി വരുന്നവർ ആരോഗ്യ പ്രവർത്തകരുടെ കണ്ണുവെട്ടിച്ച് പുറത്തെ കടകളിൽ പോകുന്നു.

എസ്.എം.എസ്
>>>>>>>>>>>>>>>>>

സോപ്പ് ഉപയോഗിച്ച് കൈ കഴുകാം

മുഖത്ത് മാസ്ക്കിടാം

ശാരീരിക അകലം പാലിക്കാം

ജീവനക്കാർക്കും ദുരിതം

സ്രവം ശേഖരിക്കുന്ന യൂണിറ്റിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും ദുരിതമേറെയാണ്. പി.പി കിറ്റ് ധരിച്ചിരിക്കുന്നവർക്ക് വെള്ളം കുടിക്കാനോ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനോ കഴിയില്ല. കമ്പ്യൂട്ടർ സെക്ഷനിൽ ഇരിക്കുന്നവർ അതാത് ദിവസത്തെ റിപ്പോർട്ട് തയ്യാറാക്കി ഡി.എം.ഒ യ്ക്ക് അയച്ചശേഷം മടങ്ങുമ്പോഴേക്കും രാത്രിയാകും. വിശ്രമം എന്തെന്നറിയാത്ത ജോലിയാണ്.

രോഗം സംശയിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടി കൊണ്ടിരിക്കുന്നത് ചില ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പരമാവധി സൗകര്യം ഒരുക്കിയിട്ടുണ്ട്. വേണ്ടത്ര ശ്രദ്ധയും പുലർത്തുന്നുണ്ട്

ഡോ. പ്രശാന്ത്.

സൂപ്രണ്ട് ഇൻ ചാർജ്ജ്, ജനറൽ ആശുപത്രി

പി.എച്ച് സെന്ററിൽ നിന്ന് വാഹനത്തിൽ ആളുകളെ കുത്തിനിറച്ചാണ് സാമ്പിൾ ശേഖരണത്തിനായി കൊണ്ടുവരുന്നത്. ഇത് രോഗമല്ലാത്തവർക്കും പകരുന്നതിനിടയാക്കും. കുറ്റകരമായ അനാസ്ഥ ഒഴിവാക്കണം.

ഗോപു കരുവാറ്റ,

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്.