വെണ്മണി: നിർദ്ധനയായ തങ്കമ്മക്ക് കെ.എസ്.ഇ ബി ജീവനക്കാർ വൈദ്യുതി കണക്ഷനും ടി.വിയും നൽകി.കെ.എസ്.ഇ ബി വെൺമണി സെക്ഷനിലെ ജീവനക്കാരാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്.കോടുകുളഞ്ഞി പാറപ്പാട്ട് തങ്കമ്മയുടെ ദുരിത ജീവിതം കണ്ടാണ് ജീവനക്കാർ സൗജന്യമായി വയറിംഗ് നടത്തി വൈദ്യുതികണക്ഷനും നൽകിയത്. ഭർത്താവ് ഉപേക്ഷിച്ചു പോയ തങ്കമ്മയുടെ രണ്ട് മക്കളുടെ പഠനാവശ്യത്തിനായി ഇലക്ട്രിസിറ്റി എംപ്ലോയീസ് സഹകരണസംഘത്തിന്റെ ടി.വി ചലഞ്ചുമായി ബന്ധപ്പെട്ടു ടെലിവിഷനും നൽകി. രണ്ടിന്റെയും ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ഇവർക്ക് വാസയോഗ്യമായ വീട് നിർമ്മിച്ചു നൽകുമെന്നും ഉറപ്പ് നൽകി. നേരത്തേയും വെൺമണി ഇലക്ട്രിസിറ്റി സെക്ഷനിലെ ജീവനക്കാർ വെൺമണി പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട നിർദ്ധന കുടുംബത്തിന് സൗജന്യ വയറിംഗും, കണക്ഷനും നൽകുകയും, സന്നദ്ധ സംഘടനയെ കൊണ്ട് ടി.വി സ്‌പോൺസർ ചെയ്യിക്കുകയും ചെയ്തിരുന്നു.