തിരുവല്ല: പെരിങ്ങര ജംഗ്‌ഷനിലെ ഫാസ്റ്റ് ഫുഡ് കടയുടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ ഭാഗീകമായും ഒരു വാർഡ് പൂർണമായും അടച്ചു. പഞ്ചായത്തിലെ 9, 10, 12 വാർഡുകൾ ഭാഗീകമായും 11-ാം വാർഡ് പൂർണമായും അടപ്പിച്ചു. പനിയും രോഗലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് അഞ്ച് ദിവസമായി നിരീക്ഷണത്തിലായിരുന്ന കടയുടമയുടെ സ്രവം കഴിഞ്ഞ ദിവസം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാളുടെ പരിശോധനാ ഫലം ഇന്നലെ പോസിറ്റീവായതിനെ തുടർന്ന് ചാത്തങ്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് അധികൃതരും ചേർന്നാണ് വാർഡുകൾ അടയ്ക്കുന്ന നടപടി സ്വീകരിച്ചത്. വാർഡുകൾ കണ്ടൈൻമെൻറ് സോണാക്കി പ്രഖ്യാപിക്കാനുള്ള ശുപാർശ ആരോഗ്യ വിഭാഗം ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്. സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടിക തയാറാക്കുന്ന നടപടികൾ ആരോഗ്യ വിഭാഗത്തിന്റെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇരുപതിലധികം പേരുടെ സമ്പർക്കം ഉണ്ടായതായി പ്രാഥമികമായി കണ്ടെത്തി. കൂടാതെ പ്രത്യേക സ്ക്വാർഡ് രൂപീകരിച്ച് മൂന്ന് വാർഡുകളിലെയും മുഴുവൻ വീടുകളിലും ശനിയാഴ്ച സർവേ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഏഴ് ദിവസത്തേക്കാകും നിയന്ത്രണം. രോഗം സ്ഥിരീകരിച്ചയാളെ ജില്ലാ ആശുപത്രിയിലെ കൊവിഡ് സെന്ററിലേക്ക് മാറ്റി.