പത്തനംതിട്ട : യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർമ്മാണം നിറുത്തിവച്ച് ,എൽ.ഡി.എഫ് സർക്കാർ കോന്നി മെഡിക്കൽ കോളജ് നിർമ്മാണം പൂർത്തീകരിച്ചെന്ന സി.പി.എം.നിലപാട് വസ്തുക്കൾക്ക് നിരക്കാത്തതും പ്രദേശവാസികളോടുള്ള അവഹേളനവുമാണന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ആരോപിച്ചു. മെഡിക്കൽ കോളേജ് നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കം മുതൽ ഒപ്പം നിന്നവരാണ് ഇവിടുത്തെ ജനങ്ങൾ .ഉപയോഗശൂന്യമായ സ്ഥലത്താണ് മെഡിക്കൽ കോളേജ് നിർമ്മാണമെന്ന് ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചവർ ഇന്ന് അവകാശവാദമുന്നയിക്കുന്നത് പരിഹാസ്യമായേ ജനങ്ങൾ കാണുകയുള്ളൂ. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപ്പിച്ചു കഴിഞ്ഞ് സ്ഥലം സന്ദർശിച്ചവർ എന്തിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണ ഘട്ടങ്ങൾ വിലയിരുത്തുന്നത്. ഏഴു മാസം കൊണ്ട് ബഹുനില കെട്ടിടവും നാലുവരിപ്പാതയും നിർമ്മിച്ചത് തന്റെ കഴിവെന്ന് പറയുന്ന എം.എൽ.എ കോന്നിക്കാരുടെ വിവേകത്തെ ചോദ്യം ചെയ്യുകയാണ്.മെഡിക്കൽ കോളേജിനു സമീപം താമസിക്കുന്ന സ്വന്തം പാർട്ടിക്കാർക്കില്ലാത്ത വിശകലനമാണ് സി.പി.എം ജില്ലാ സെക്രട്ടറി പ്രകടിപ്പിച്ചത്.തെറ്റുകൾ ചെയ്യുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്ന എം.എൽ.എയെ നിയന്ത്രിക്കാൻ ജില്ലാ സെക്രട്ടറി ശ്രമിക്കണമെന്ന് റോബിൻ പീറ്റർ പറഞ്ഞു.മെഡിക്കൽ കോളേജിൽ അനധികൃത നിയമനങ്ങൾ നടത്താനുള്ള നീക്കം തടയും.