supplyco

പത്തനംതിട്ട: കണ്ടെയ്ൻമെന്റ് സോൺ ആയിട്ടും ജനങ്ങൾക്ക് അതൊന്നും ബാധകമല്ലെന്ന മട്ടാണ് പത്തനംതിട്ട നഗരത്തിൽ. സപ്ലൈകോ ഔട്ട് ലെറ്റിലെയും പലവ്യഞ്ജന കടകളിലെയും തിരക്ക് നിയന്ത്രിക്കാൻ പൊലീസിനും ഇടപെടേണ്ടിവന്നു. സമ്പർക്കത്തിലൂടെ കൊവിഡ് പടരുന്ന പത്തനംതിട്ടയിൽ ജനങ്ങൾ എല്ലാനിയന്ത്രണങ്ങളും ലംഘിച്ചാണ് കടകളിൽ കയറുന്നത്. പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ സപ്ലൈകോ ഔട്ട് ലെറ്റിൽ സാധനങ്ങൾ വാങ്ങാൻ ധാരാളം പേർ ഇന്നലെ തടിച്ച് കൂടി. സാമൂഹ്യ അകലം പാലിക്കാതെയാണ് ഇവിടെ ആളുകൾ കൂടിയത്. സമീപത്തുള്ള ചില ഹോൾസെയിൽ കടകളിലും തിരക്കായിരുന്നു. കടയ്ക്കുള്ളിലും പുറത്തും തിക്കും തിരക്കുമായതോടെ പൊലീസ് എത്തി, ആളുകൾ ഒഴിഞ്ഞ് പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും മിക്കവരും ഗൗനിച്ചില്ല. ഒടുവിൽ പൊലീസ് വിരട്ടി പറഞ്ഞു വിടുകയായിരുന്നു. സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കാമെന്ന് കരുതിയാണ് കൂടുതൽ ആളുകൾ നഗരത്തിൽ എത്തിയത്. ചില പ്രദേശങ്ങളിലെ കടകളിൽ സാധനങ്ങൾക്ക് ക്ഷാമമുണ്ട്. മത്സ്യ കച്ചവടം പൂർണമായി നിലച്ചു.

" സാമൂഹ്യ അകലം പാലിക്കണമെന്നും തിരക്ക് കൂട്ടരുതെന്നും നിർദേശിച്ചിരുന്നു. ആരും ഗൗനിച്ചില്ല. "

സപ്ലൈകോ അധികൃതർ