പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിന്റെ പ്രവർത്തനം ആരംഭിക്കാനുള്ള സർക്കാർ നീക്കം അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമം നടത്തുന്നതായുള്ള സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ബാലിശവും അടിസ്ഥാനരഹിതവുമാന്നെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. യു.ഡി.എഫ് സർക്കാരിന്റ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും കോന്നിയുടെ ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന അടൂർ പ്രകാശും മുൻകൈ എടുത്ത് ഒട്ടേറെ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് മെഡിക്കൽ കോളേജ് നിർമാണം ആരംഭിച്ചത്. മെഡിക്കൽ കോളജിന്റെ പ്രധാനപ്പെട്ട ഓഫീസുകളുടെ ഉദ്ഘാടനം യു.ഡി.എഫ് ജനപ്രതിനിധികളുമായി ആലോചിക്കാതെ നടത്താനും കോളജിന്റെ പിതൃത്വം ഏറ്റെടുക്കാനുമുള്ള നിലവിലെ എം.എൽ.എയുടേയും ഭരണകക്ഷിയുടേയും നീക്കത്തെയാണ് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, കോന്നി മുൻ എം.എൻ എ കൂടിയായ അടൂർ പ്രകാശ് എം.പി എന്നിവർ അടക്കമുള്ള കോൺഗ്രസ്,യു.ഡി എഫ് നേതാക്കൾ ചോദ്യം ചെയ്തതെന്ന് സാമുവൽ കിഴക്കുപുറം ചൂണ്ടിക്കാട്ടി.