തിരുവല്ല: അനധികൃതമായി പച്ചമണ്ണ് കടത്തിയ രണ്ട് ലോറികളും ജെ.സി.ബിയും പൊലീസ് പിടികൂടി. തിരുവല്ല, പുളിക്കീഴ് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ അനധികൃതമായി പച്ചമണ്ണ് കടത്തുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. തിരുവല്ല തോട്ടഭാഗത്ത് അനധികൃതമായി പച്ചമണ്ണ് ഖനനം ചെയ്തതിനു ഷാഡോ പൊലീസ് ജെ.സി.ബി പിടിച്ചെടുത്ത് തിരുവല്ല പൊലീസിൽ ഏൽപിച്ചു. പാടത്തുപാലം പ്രദേശത്തു വയൽ നികത്തുന്നതായുള്ള പരാതിയെത്തുടർന്ന് അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു. പുളിക്കീഴ് പരുമലയിൽ അനധികൃത പച്ചമണ്ണ് കടത്തിക്കൊണ്ടുവന്ന ലോറി ഷാഡോ പൊലീസ് സംഘം പിടികൂടി തുടർനടപടികൾക്കായി പുളിക്കീഴ് പൊലീസിൽ ഏൽപിച്ചു. പരുമലയിൽ നിന്നും പുളിക്കീഴ് പൊലീസും ലോറി പിടികൂടി. അനധികൃത പച്ചമണ്ണ് തുടങ്ങിയവയുടെ ഖനനവും കടത്തും തടയുന്നതിന് ശക്തമായ റെയ്ഡും പരിശോധനകളും ജില്ലയിൽ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. റെയ്ഡിലും പരിശോധനകളിലും എസ്.ഐ ആർ.എസ് രഞ്ജു, എ.എസ്.ഐമാരായ വിൽസൺ, ഹരികുമാർ, സി.ആർ. ശ്രീകുമാർ, സി.പി.ഒ ശ്രീരാജ് എന്നിവർ നേതൃത്വം നൽകി.