police

പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്യൂട്ടികളിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാപൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു. ഡ്യൂട്ടിയിലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള മാനദണ്ഡങ്ങളും നിബന്ധനകളും നിർബന്ധമായും പാലിക്കണമെന്ന് കർശനനിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യങ്ങളിൽ രോഗബാധയുണ്ടാകുന്നവരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ ലിസ്റ്റ് പ്രകാരം കോന്നി, ചിറ്റാർ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് ചികിത്സ ലഭ്യമാക്കുകയും, സ്റ്റേഷനുകളിലെ മറ്റുള്ളവരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു. ജില്ലാ പൊലീസ് ആസ്ഥാനത്തു ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും ആരോഗ്യവകുപ്പ് അധികൃതർ കൊവിഡ് 19 ആന്റിജൻ ടെസ്റ്റ് നടത്തി. ആരും പോസിറ്റീവ് അല്ല എന്ന് കണ്ടെത്തി. കോന്നി, ചിറ്റാർ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തിയതായും ജില്ലാപൊലീസ് മേധാവി അറിയിച്ചു.
കൊവിഡ് പ്രാഥമിക, രണ്ടാംഘട്ട സമ്പർക്കത്തിൽവരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമകാര്യങ്ങൾക്കായി, സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശാനുസരണം ജില്ലാതല കമ്മിറ്റി രൂപീകരിച്ചു. ജില്ലാ അഡിഷണൽ എസ് പി എ.യു. സുനിൽ കുമാർ, നാർക്കോട്ടിക് സെൽ ഡി വൈ എസ് പി ആർ. പ്രദീപ്കുമാർ, സി ബ്രാഞ്ച് ഡി വൈ എസ് പി ആർ.സുധാകരൻപിള്ള, സ്‌പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ. ജോസ് തുടങ്ങി ഒൻപതു പേരടങ്ങുന്നതാണ് കമ്മിറ്റി. കൊവിഡ് പ്രാഥമിക, രണ്ടാംഘട്ട സമ്പർക്കത്തിൽപ്പെടുന്ന പൊലീസുകാർക്ക് ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടറിലെ ആറാം നമ്പർ ബാരക് ഉപയോഗിക്കാൻ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഹെഡ് ക്വാർട്ടർ പ്രധാന കെട്ടിടത്തിൽ വനിതാപോലീസ് ഉദ്യോഗസ്ഥർക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കിയതായും ജില്ലാപൊലീസ് മേധാവി അറിയിച്ചു.