പത്തനംതിട്ട : എട്ടാം ക്ലാസിൽ പഠിക്കുന്ന ഏയ്ഞ്ചലിനു ഓൺലൈൻ പഠനത്തിന് ടെലിവിഷനോ ഫോൺ സൗകര്യമോ ഇല്ല, നിർദ്ധനകുടുംബത്തിലെ അംഗമായ ഏയ്ഞ്ചൽ അടൂർ സെന്റ് മേരീസ് ഗേൾസ് സ്‌കൂളിലാണ് പഠിക്കുന്നത്. ക്ലാസുകൾ തുടങ്ങി ഇത്രനാളായിട്ടും ടിവി കിട്ടിയില്ല എന്ന സങ്കടം അവൾ ഒരു അപേക്ഷയായി എഴുതി പന്തളം പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. കത്ത് കിട്ടിയ പൊലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാർക്ക് നൽകിയ നിർദേശത്തെ തുടർന്നു, പന്തളം ജനമൈത്രി പൊലീസും യൂത്ത് ക്ലബും ചേർന്ന് 'കൈകോർക്കാം, അവർ പഠിക്കട്ടെ ' എന്ന ടിവി ചലഞ്ചിൽപെടുത്തി ഏയ്ഞ്ചലിനും തുടർന്ന് ഒന്നും രണ്ടും ക്ലാസ്സുകളിൽ പഠിക്കുന്ന തുമ്പമണ്ണിലെ ഒരു നിർദ്ധനകുടുംബത്തിലെ കുട്ടികൾക്കും ടെലിവിഷനുകൾ എത്തിച്ചു. ടിവി യും ഫോണും ഇല്ലാതെ പഠനം മുടങ്ങിയ മൂന്നു വിദ്യാർഥികൾക്ക് പന്തളം ജനമൈത്രി പൊലീസ് തുണയായി. പൊലീസ് ഇൻസ്‌പെക്ടർക്കൊപ്പം ബീറ്റ് ഓഫീസർമാരായ അമീഷ്, സുബീക് റഹിം, യൂത്ത്ക്ലബ് വോളന്റിയർമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.