road

അടൂർ: ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഇടപെട്ടപ്പോൾ കെ.ഐ.പി ഉദ്യോഗസ്ഥർ അയഞ്ഞു. അടൂർ നഗരസഭയിലെ വിവിധ വാർഡുകളിൽ വർഷങ്ങളായി പൊളിഞ്ഞു കിടക്കുന്ന ആറ് കനാൽ റോഡുകൾ ഇനി സഞ്ചാരയോഗ്യമാകും. ടാർ ചെയ്യാനുള്ള എൻ.ഒ.സി കഴിഞ്ഞ ദിവസം കെ.ഐ.പി കൊട്ടാരക്കര സൂപ്രണ്ടിംഗ് എൻജിനിയർ നഗരസഭയ്ക്ക് കൈമാറി. നഗരസഭയിലെ 4, 22, 23, 27 വാർഡുകളിൽപ്പെട്ട റോഡുകൾക്കാണ് അനുമതി. റോഡ് സഞ്ചാരയോഗ്യമാക്കാൻ നഗരസഭ മുന്നോട്ടു വന്നപ്പോഴാണ് കെ.ഐ.പി അനുമതി നൽകാതിരുന്നത്. തുടർന്ന് പരാതിയുമായി നഗരസഭാധികൃതർ ജലവിഭവ വകുപ്പ് മന്ത്രിയെ സമീപിക്കുകയായിരുന്നു. കെ.ഐ.പിയുടെ ഇൻസ്പെക്ഷൻ റോഡുകളാണിത്. തകർന്നുകിടന്ന കനാൽ റോഡുകൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ ജലവിഭവമന്ത്രിയായിരുന്നപ്പോൾ റീ - ടാർ ചെയ്തതാണ്. ഭാരം കയറ്റിയ ലോറികൾ ഉൾപ്പെടെ കടന്നു പോയതോടെ റോഡ് തകർന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് കൗൺസിലർമാർ ഇടപെട്ട് ഫണ്ട് കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4 റോഡുകൾക്ക് 45 ലക്ഷം രൂപയും 2 റോഡുകൾക്ക് നഗരസഭ പ്ളാൻ ഫണ്ടിൽ നിന്ന് 28 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ടാറിംഗിനുള്ള അനുമതിക്കായി കെ.ഐ.പിയെ സമീപിച്ചപ്പോൾ ഉദ്യോഗസ്ഥർ എതിർപ്പുപ്രകടിപ്പിച്ചു. 3 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾക്ക് അനുമതി നൽകാനാകില്ലെന്നും പണം കൈമാറിയാൽ ടാർ ചെയ്തു തരാമെന്നുമായിരുന്നു കെ.ഐ.പിയുടെ വിശദീകരണം. ഇതിന് നഗരസഭ തയ്യാറായില്ല. കഴിഞ്ഞ ജൂൺ 13ന് ഇത് സംബന്ധിച്ച് 'നിങ്ങൾ പണിയേണ്ട, ഞങ്ങളും പണിയില്ല' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ.കൃഷ്ണൻകുട്ടി നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ
അനുമതി ലഭിച്ച റോഡുകൾ

വാർഡ് , റോഡ്, തുക യഥാക്രമം

4 - കോട്ടപ്പുറം - പ്ളവിളത്ത - 20.50 ലക്ഷം

(ഇതിൽ 5.50 ലക്ഷം നഗരസഭയുടെ പ്ളാൻ ഫണ്ട് )

23 - വാഴുവേലിപടി - മുബാറക് മൻസിൽ റോഡ് - 10 ലക്ഷം

27 - ഹൈന്ദവസേവാ സംഘം - കളീക്കൽ പടി - 10 ലക്ഷം

27- കളീക്കൽപടി - കരുവാറ്റ പള്ളി റോഡ് - 10 ലക്ഷം

നഗരസഭ വാർഷിക പദ്ധതി ഫണ്ട്

4 - പ്ളാവിളത്തറ - അടവിവിള പടി - 7.50 ലക്ഷം

22 - നെല്ലിമൂട്ടിൽപടി - കോട്ടുകൾ - 15 ലക്ഷം

കെ.ഐ.പിയുടെ എൻ.ഒ.സി ലഭിച്ചതോടെ വലിയ കടമ്പ കടന്നു. അടുത്ത ദിവസം തന്നെ ടെൻഡർ ക്ഷണിക്കും. കരാർ നൽകിയാലുടൻ പണി ആരംഭിക്കും.

ജി. പ്രസാദ്,

വൈസ് ചെയർമാൻ,

അടൂർ നഗരസഭ