മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. എമ്മാവൂസ് ധ്യാന കേന്ദ്രത്തിലാണ് 100 കിടക്കകളുള്ള ചികിത്സാ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ധ്യാന കേന്ദ്രത്തിലെ മുഴുവൻ സൗകര്യങ്ങളും അധികൃതർ വിട്ടു നൽകി.സി.എഫ്.എൽ.ടി.സിയുടെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. റജി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുകോശി പോൾ, ഫാ.ഈപ്പച്ചൻ കിഴക്കേ തലയ്ക്കൽ, ഫാ.ഡൊമിനിക് മുണ്ടാട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീദേവി, തഹസിൽദാർ എം.ടി ജെയിംസ്, വാട്ടർ അതോറിട്ടി അംഗം അലക്‌സ് കണ്ണമല, മെഡിക്കൽ ഓഫീസർ ഡോ. അഞ്ജലി കൃഷ്ണ, പഞ്ചായത്തംഗങ്ങളായ പി.ടി ഏബ്രഹാം, സിബി വർഗീസ്, ഷീബ ജോസഫ്, പി.കെ തങ്കപ്പൻ സെക്രട്ടറി വി. രഞ്ജിത്ത്, രാജീവ് എം കൃഷ്ണൻ, അനൂപ് എന്നിവർ പങ്കെടുത്തു. പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേക വാർഡുകൾ, കുട്ടികൾ വന്നാൽ അമ്മമാർക്ക് പ്രത്യേക സൗകര്യം, ട്രീറ്റ്‌മെന്റ് റൂം, ഫാർമസി, ഡോക്ടർമാർ, നേഴ്‌സുമാർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് പ്രത്യേക മുറികൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.