അടൂർ: ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ ദൂരപരിധി 100 മീറ്ററായി നിശ്ചയിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി കേരളത്തിൽ നടപ്പിലാക്കരുതെന്ന് ക്വഷർ ആൻഡ് ക്വാറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. രവീന്ദ്രൻ, സെക്രട്ടറി രാജു തോമസ്, ട്രഷറർ ലിജു മംഗലത്ത് എന്നിവർ ആവശ്യപ്പെട്ടു. വിധി നടപ്പിലാക്കിയാൽ സംസ്ഥാനത്ത് നിലവിലുള്ള 750 ക്വാറികളിൽ ഭൂരിപക്ഷവും നിറുത്തലാക്കേണ്ടി വരും. അതുവഴി സംസ്ഥാന സർക്കാരിന്റേത് ഉൾപ്പെടെയുള്ള മുഴുവൻ നിർമ്മാണ മേഖലയും സ്തംഭിക്കുകയും കൊവിഡിന്റെ പശ്ചാത്തലത്തിൽ നിലവിലുള്ള വ്യവസായ മേഖല പ്രതിസന്ധിയിലാവുകയും ചെയ്യും. 60,000 ത്തോളം ടിപ്പർ തൊഴിലാളികളും പതിനായിരക്കണക്കിന് മറ്റ് തൊഴിലാളികളും പട്ടിണിയിലാകും. കേരളത്തിലെ ജനസാന്ദ്രതയും സ്ഥലപരിമിതിയും കണക്കിലെടുത്താണ് സർക്കാർ 100 മീറ്റർ ദൂരമെന്നത് 50 മീറ്ററാക്കി കുറച്ചത്. കേരള മൈനർ മിനറൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര മിനറൽ കൺസ്ട്രക്ഷൻ നിയമപ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ദൂരപരിധി സംബന്ധിച്ച പല കേസുകളും മുൻപ് ഹൈക്കോടതിയിൽ വന്നപ്പോഴെല്ലാം ഡയറക്ടർ ജനറൽ ഒഫ് മൈൻ സേഫ്ടി വിഭാഗം നിഷ്കർഷിച്ചിട്ടുള്ള അളവിലുള്ള പ്രകമ്പനം മാത്രമേ നിലവിലുള്ള ദൂരപരിധിയിൽ നടത്തിയ പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളു. ഖനനം നടത്താൻ വ്യക്തമായ മാനദണ്ഡം നിലവിലുള്ളപ്പോൾ ഈ വിധി സംസ്ഥാനത്ത് നടപ്പിലാക്കരുതെന്ന് ഭാരവാഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.