ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജിലെ നഗരസഭ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ സജ്ജീകരണങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.കോളേജ് ഓഡിറ്റോറിയത്തിൽ നൂറു കിടക്കകളാണ് സജ്ജീകരിക്കുന്നത്. ബാക്കി കിടക്കകൾ പ്രധാന കെട്ടിടത്തിലെ താഴത്തെ നിലയിലുള്ള ക്ലാസ് മുറികളിൽ സജ്ജീകരിക്കും. ആദ്യഘട്ടത്തിൽ 150 കിടക്കകളും ആവശ്യമെങ്കിൽ 300 കിടക്കകൾ വരെ സജ്ജീകരിക്കാവുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. താൽക്കാലിക കക്കുസുകളുടെയും കുളിമുറികളുടെയും നിർമ്മാണങ്ങൾ ആരംഭിച്ചു. കാമ്പസിൽ സി.സി ടിവി കാമറകളും ആവശ്യാനുസരണം ലൈറ്റുകളും ക്രമീകരിക്കും. വൈദ്യുതി നിലച്ചാൽ പകരം സംവിധാനത്തിനായി വലിയ ജനറേറ്റർ ക്രമീകരിക്കും.പ്രത്യേകമായി വാഹനങ്ങളും ആംബുലൻസും എത്തിക്കും. ഇതിനായി നിയമിക്കുന്ന ഡോക്ടർമാർ, നേഴ്‌സുമാർ,പാരാമെഡിക്കൽ ജീവനക്കാർ,സെക്യൂരിറ്റി ജീവനക്കാർ, മറ്റു വിവിധ തസ്തികകളിലുള്ള ജീവനക്കാർ എന്നിവരുടെ താമസ സൗകര്യം കാമ്പസിൽ തന്നെയുള്ള വനിതാ ഹോസ്റ്റലിൽ ക്രമീകരിക്കും. ജോലി ചെയ്യുന്നവർ 14 ദിവസത്തിനു ശേഷം ഇവിടെത്തന്നെ 14 ദിവസം നിരീക്ഷണത്തിലായിരിക്കും.ഓഡിറ്റോറിയത്തിൽ ടെലിവിഷൻ, അനൗൺസ്‌മെന്റ് സൗകര്യങ്ങൾ, എന്നിവ ക്രമീകരിക്കും. പ്രത്യേകമായി ഫാർമസി, സ്റ്റോർ റൂം, ലാബ്, വിവിധ ജീവനക്കാർക്കുള്ള പ്രത്യേക ഓഫീസ് മുറികൾ എന്നിവയും സജ്ജമാക്കും. കൊവിഡ് 19 സ്ഥിരീകരിച്ച് എത്തുന്നവർക്കും ജീവനക്കാർക്കും അടിയന്തര ഘട്ടത്തിൽ ചികിത്സ നൽകാനുള്ള സൗകര്യങ്ങളും സെന്ററിലുണ്ടാകും. കട്ടിൽ, മെത്ത, തലയിണ, ഷീറ്റ് എന്നിവ ജില്ലാ ഭരണകൂടം എത്തിച്ചു നൽകിയിട്ടുണ്ട്. കസേരകൾ, ബക്കറ്റ്, മഗ്ഗ്, പ്ലെയ്റ്റ്, ഗ്ലാ് മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവ സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തേണ്ടതുണ്ട്. സ്‌പോൺസർ ചെയ്യാൻ താൽപര്യമുള്ളവർ നഗരസഭയുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ അറിയിച്ചു.നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ചെയർമാനും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രേസി ഇത്താക്ക് കൺവീനറുമായിട്ടുള്ള കമ്മിറ്റിക്കാണ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ നടത്തിപ്പ് ചുമതല.

ഇതുമായി ബന്ധപ്പെട്ട കോഓർഡിനേഷൻ കമ്മിറ്റി ഇന്നലെ ക്രിസ്ത്യൻ കേളേജിൽ ചേർന്നു. ഇതുവരെയുള്ള ക്രമീകരണങ്ങൾ വിലയിരുത്തി. നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു.