കോന്നി : കോന്നി മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ മുന്നിട്ടിറങ്ങിയ സിപിഎം, യു.ഡി.എഫ് യാഥാർത്ഥ്യമാക്കിയ കോളജിന്റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണെന്ന് അടൂർപ്രകാശ് എം.പി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ മെഡിക്കൽ കോളജിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായിരുന്നു; ആരോഗ്യവകുപ്പു മന്ത്രി കെ.കെ ശൈലജ നിയമസഭയിൽ മെഡിക്കൽ കോളേജ് പ്രായോഗികമല്ലെന്ന് പറഞ്ഞതാണ്. എൺപത്തിഅഞ്ച് ശതമാനം പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ടെന്നും മന്ത്രിക്ക് പറയേണ്ടിവന്നു. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദ്ദം കാരണം ഇൗ സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളേജിന്റെ തുടർപ്രവർത്തനങ്ങൾ സ്തംഭിപ്പിച്ചു. കോന്നി മെഡിക്കൽ കോളേജ് സന്ദർശിക്കണം എന്ന തന്റെ അഭ്യർത്ഥനയും ആരോഗ്യ മന്ത്രി നിരസിച്ചു; 1996 മുതൽ കോന്നി മണ്ഡലത്തിൽ നടന്ന മിക്ക വികസന പദ്ധതികൾക്കെതിരെയും സിപിഎം സമരരംഗത്തുണ്ടായിരുന്നു. കോളജിന്റെ പാരിസ്ഥിതിക അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. അതിനായി പരിശോധനകളും പൂർത്തിയാക്കിയിരുന്നു; എന്നാൽ ഇടതുസർക്കാർ വന്നതോടെ പാരിസ്ഥിതിക നടപടി ക്രമങ്ങൾ സംബന്ധിച്ച തുടർനടപടികൾ മരവിപ്പിച്ചു; രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായായിരുന്നു ഈ നീക്കം.
കോന്നി മെഡിക്കൽ കോളജിലെ അനധികൃത നിയമനങ്ങളെപ്പറ്റി വ്യാപകമായ പരാതി ഉയർന്നിരിക്കയാണ്. ഇതേക്കുറിച്ച് അന്വേഷിക്കണം.
മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തിനു കാലതാമസം വരുത്താൻ സർക്കാരിൽ സമർദ്ദം ചെലുത്തിയതിന് സിപിഎം നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു.