പത്തനംതിട്ട: ഫോക് ലോർ അക്കാദമി പുരസ്കാരത്തിന്റെ നിറവിലാണ് നാടൻപാട്ട് കലാകാരനായ ആദർശ് ചിറ്റാർ. പി.എസ്. ബാനർജി നേതൃത്വം നൽകുന്ന കനൽ ബാൻഡിലെ ഗായകനാണ് ഇൗ യുവാവ്. പ്രശസ്ത നാടൻപാട്ട് കലാകാരൻ സി. ജെ. കുട്ടപ്പന്റെ ശിഷ്യനാണ്. മുത്തശ്ശിയിൽ നിന്ന് കേട്ടു പഠിച്ച പാട്ടുകളാണ് നാടൻപാട്ടിലേക്ക് ആദർശിനെ ആകർഷിച്ചത്. പത്തനംതിട്ട വായ്മൊഴി ഫോക്‌ലോർ സ്റ്റഡി സെന്റർ എന്ന നാടൻപാട്ട് കൂട്ടായ്മയിലൂടെ നാടൻപാട്ട് രംഗത്ത് സ്ഥാനം ഉറപ്പിച്ചു. ഏകാംഗ നാടക അഭിനയരംഗത്തും ഇപ്പോൾ സജീവമാണ്. ഭരണഘടന വജ്രജൂബിലി ആഘോഷ വേളയിൽ നാടൻപാട്ട് കലാകാരനുള്ള ഫെല്ലോഷിപ്പ് നേടിയിരുന്നു. ഇരുനൂറ്റി അൻപതോളം കുട്ടികളെ സൗജന്യമായി നാടൻപാട്ട് പഠിപ്പിക്കുന്നു. കൂടാതെ നാടിന്റെ താളവും ഭാഷയും നിറയുന്ന പാട്ടുകളെ കുറിച്ച് ക്ലാസുകളും ചർച്ചകളുമായി ആദർശ് രംഗത്തുണ്ട്.
ഇലന്തൂർ ശ്രീദേവി പടയണി സംഘത്തിനു കീഴിൽ പടയണി പാട്ട് പഠനവും നടത്തുന്നു. പഠന കാലത്ത് നാഷണൽ സർവ്വീസ് സ്കീമിന്റെ മികച്ച വോളന്റിയറിനുള്ള സംസ്‌ഥാന പുരസ്കാരം നേടിയിട്ടുണ്ട്. അമൃതയാണ് ഭാര്യ.
പാട്ടുകളിലൂടെയും പറച്ചിലുകളിലൂടെയും കുട്ടികളുടെ വ്യക്തിത്വ വികസനമാണ് ലക്ഷ്യമിടുന്നത്.
ആദർശ് ചിറ്റാർ