തിരുവല്ല: പുളിക്കീഴ് പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐയ്ക്കും പെരിങ്ങരയിൽ മത്സ്യവ്യാപാരിക്കും കൊവിഡ് സ്ഥിരീകരിച്ചു. പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ അടക്കം സ്‌റ്റേഷനിലുള്ള മിക്കവരും ക്വാറന്റൈനിൽ പോകേണ്ടി വരും. തിരുവല്ല സ്റ്റേഷനിലെ നാല് പൊലീസുകാരും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടും. കഴിഞ്ഞ ദിവസങ്ങളിൽ സ്‌റ്റേഷനിൽ ഡ്യൂട്ടിയുണ്ടായിരുന്ന എ.എസ്.ഐ. ഉദ്യോഗസ്ഥരോടും സ്‌റ്റേഷനിൽ എത്തിയവരോടും അടുത്ത് ഇടപഴകിയിരുന്നു. ഇൻസ്പെക്ടർ ഉൾപ്പടെ 28 ഉദ്യോഗസ്ഥരാണ് പുളിക്കീഴ് സ്റ്റേഷനിൽ ജോലി ചെയ്യുന്നത്. സ്റ്റേഷൻ പൂർണ്ണമായും അടച്ചിടേണ്ടിവരും. പൊലീസുകാരുടെ സ്രവപരിശോധന കഴിഞ്ഞദിവസങ്ങളിൽ നടത്തിയിരുന്നു. രോഗവ്യാപനം കൂടുതലുള്ള കായംകുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രതികളുമായി എ.എസ്.ഐ പോയിരുന്നു. പരാതികൾ അന്വേഷിക്കാനും പുറത്ത് പോയിട്ടുണ്ട്. എന്നാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.
പെരിങ്ങരയിലെ മത്സ്യവ്യാപാരി വാഹനത്തിൽ പോയി വീടുകളിലും മറ്റും മത്സ്യവിൽപ്പന നടത്തുന്നയാളാണ്. ചങ്ങനാശ്ശേരി, പായിപ്പാട് ചന്തകളിൽ നിന്ന് മത്സ്യം വാങ്ങാൻ പോയിരുന്നതായും അവിടെ നിന്നാകാം കൊവിഡ് ബാധിച്ചതെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ സംശയിക്കുന്നത്. പായിപ്പാട് പോയ മത്സ്യ വ്യാപാരികൾക്ക് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചതോടെ കൂടുതൽ മത്സ്യവ്യാപാരികളുടെ സ്രവം ആരോഗ്യവിഭാഗം പരിശോധന നടത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ പെരിങ്ങരയിലെ മത്സ്യവ്യാപാരിയുടെ പരിശോധനാഫലം പോസിറ്റിവായത്. പെരിങ്ങരയിലെ 13 -ാം വാർഡ് കണ്ടൈൻമെൻറ് സോൺ ആക്കാനുള്ള നടപടി തുടങ്ങി. അതേസമയം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്.
ഭീതികൂട്ടി സമ്പർക്കപ്പട്ടിക
തിരുവല്ല: പെരിങ്ങരയിലും പുളിക്കീഴുമായി കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേരുടെ സമ്പർക്കപട്ടിക ജനങ്ങളിൽ ആശങ്ക കൂട്ടുന്നു. പെരിങ്ങരയിൽ കൊവിഡ് ബാധിതനായ ഫാസ്റ്റ് ഫുഡ് കടയുടമയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 73പേരും സെക്കൻഡറി ലിസ്റ്റിൽ നൂറിലധികം ആളുകളുമുണ്ട്. സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വിഭാഗത്തിന്റെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് നടത്തിയ വിവര ശേഖരണത്തിലാണ് ഇത്രയധികം പേരുള്ളത്. ഇവരിൽ പത്ത് പേരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഫാസ്റ്റ് ഫുഡ് കടയിൽ നിന്ന് ഭക്ഷണം കഴിച്ചവരും രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ബന്ധുക്കളും ഉൾപ്പെടെയുള്ളവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. കൂടുതൽ പേരുടെ സ്രവം വരുംദിവസങ്ങളിൽ പരിശോധയ്ക്ക് എടുക്കുമെന്നും സമ്പർക്കപ്പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായി 9 ,10 ,12 വാർഡുകളിലെ വീടുകൾ കേന്ദ്രികരിച്ച് വിവരശേഖരണം നടത്തുമെന്നും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. മത്സ്യവാപാരിയുടെ പ്രാഥമിക സമ്പർക്കപട്ടികയിൽ 10പേരും സെക്കൻഡറി ലിസ്റ്റിൽ 12പേരും ആദ്യ കണക്കെടുപ്പിൽ ലഭ്യമായിട്ടുണ്ട്. കൂടുതൽ വിവരശേഖരണത്തിലൂടെ ഇനിയും ഒട്ടേറെ പേർ സമ്പർക്ക പട്ടികയിൽ ഉണ്ടാകാനാണ് സാദ്ധ്യത.
പെരിങ്ങരയിൽ കൂടുതൽ രോഗികൾ
തിരുവല്ല: പെരിങ്ങരയിൽ 13 വാർഡിൽ മത്സ്യ വ്യാപാരിയെ കൂടാതെ പൂനയിൽ നിന്നെത്തിയ യുവതിക്കും ഒൻപതാം വാർഡിലെ കത്തോലിക്കാ പള്ളിയിൽ കുർബ്ബാനയിൽ പങ്കെടുത്ത 58 വയസുള്ള യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചു. തുകലശ്ശേരിയിലെ നാൽപ്പതിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച കന്യാസ്ത്രീ മഠത്തിന്റെ ചുമതലയുള്ള വൈദികൻ പെരിങ്ങരയിലെ പള്ളിയിൽ കുർബ്ബാന നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത യുവതിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഫാസ്റ്റ് ഫുഡ് കടയുടമ ഉൾപ്പെടെ നാലുദിവസത്തിനിടെ നാലുപേർക്ക് പെരിങ്ങരയിൽ കൊവിഡ് ബാധിച്ചു.