പത്തനംതിട്ട :ബി.ജെ.പി ജില്ലാ കമ്മിറ്റി സമ്പൂർണ യോഗം വെർച്യുൽ പ്ലാറ്റ് ഫോമിൽ ഓൺലൈനായി നടത്തി. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച് ഓൺലൈനായി ജില്ലാ കമ്മിറ്റി നടത്തിയതെന്ന് ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പറഞ്ഞു.
ബി.ജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ യോഗം ഉദ്ഘാടനം ചെയ്തു.ദേശീയ സമിതി അംഗങ്ങളായ വി.എൻ.ഉണ്ണി,പ്രതാപ ചന്ദ്ര വർമ്മ,സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശൻ, ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി സുരേഷ് ബാബു, സംസ്ഥാന സെക്രട്ടറി കരമന ജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, മോർച്ച ജില്ലാ ജനറൽ സെക്രട്ടറി, മണ്ഡലം ജനറൽ സെക്രട്ടറി, മോർച്ച സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന കൗൺസിൽ, സംസ്ഥാന സമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. കൊവിഡ് മൂലം ജോലി നഷ്ടപെട്ട പ്രവാസികൾക്കും അന്യ സംസ്ഥാനത്തുനിന്നു മടങ്ങി എത്തിയവർക്കും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രമേയത്തിലൂടെ ബി.ജെ.പി ആവശ്യപ്പെട്ടു.കൊവിഡ് ഭീതിയിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്കും കൊവിഡ് രോഗികൾക്കും സാന്ത്വനവുമായി ബി.ജെ.പി പ്രവർത്തകർ ഉണ്ടാകണമെന്ന് സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശൻ ആവശ്യപ്പെട്ടു.