ചെങ്ങന്നൂർ: കൊവിഡ് 19 ചികിത്സാ പദ്ധതിയുടെ ഭാഗമായി കൊവിഡ് ആശുപത്രി ചെങ്ങന്നൂരിൽ തുറന്നു. മുളക്കുഴ സെഞ്ചുറി ആശുപത്രിലാണ് ചികിത്സാകേന്ദ്രം ആരംഭിച്ചത്. സജി ചെറിയാൻ എം.എൽ.എ ആശുപത്രി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മൂന്നാമത് കൊവിഡ് ആശുപത്രിയാണിത്. വണ്ടാനം മെഡിക്കൽ കോളേജ്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവയാണ് മറ്റുള്ളവ. സ്വകാര്യമേഖലയിലെ ആദ്യത്തെ കൊവിഡ് ആശുപത്രിയാണിത്. ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും മേൽനോട്ടത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം. വിദഗ്ദ സമിതിയുടെ പരിശോധനകൾക്ക് ശേഷമാണ് ആശുപത്രി തിരഞ്ഞെടുത്തത്. മൂന്നു നിലകളിലായി 360 കിടക്കകളുള്ള ഇവിടെ ആറ് ഓപ്പറേഷൻ തിയേറ്ററുകൾ, ഡയാലിസിസ് സെന്ററുകൾ, കേന്ദ്രീകൃത ഓക്സിജൻ സൗകര്യം, ഗൈനക്ക്, സർജിക്കൽ വാർഡുകൾ, ലേബർറും തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. ഇതു മൂലം മറ്റു രോഗങ്ങൾ ബാധിച്ച കൊവിഡ് രോഗികൾക്ക് മികച്ച ചികിത്സാ സൗകര്യം ഇവിടെ ലഭിക്കും. കാന്റീൻ സൗകര്യവും സജ്ജീകരിച്ചു. രോഗികൾക്ക് ഭക്ഷണം തയാറാക്കുന്നതിന് ആശുപത്രിക്കു സമീപമുള്ള കേന്ദ്രവും തയാറാക്കിയിട്ടുണ്ട്. ഡയറ്റീഷ്യന്റെ മേൽനോട്ടത്തിലാണ് ഇവിടെ ഭക്ഷണം തയാറാക്കുക. 25 ഡോക്ടറുന്മാരുടെ സേവനം പൂർണ സമയം ഇവിടെ ഉണ്ടാകും.സർക്കാർ ഡോക്ടർമാരെ കൂടാതെ ഐ.എം.എ യുടെയും വിരമിച്ച വിദഗ്ദരുടെയും സഹായം ലഭിക്കും. ആരോഗ്യ പ്രവർത്തകർക്കും ശുചീകരണ തൊഴിലാളികൾക്കും ആശുപത്രിയിൽ തന്നെ താമസ സൗകര്യമൊരുക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ അനിതാ കുമാരി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.കെ.ആർ രാധാകൃഷ്ണൻ, നോഡൽ ഓഫീസർ ഡോ.അമ്പാടി എന്നിരുടെ മേൽനോട്ടത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം. മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രൻ ഉദ്ഘാടന യോഗത്തിൽ അദ്ധ്യക്ഷയായി. ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് പി സി അജിത, എം എച്ച് റഷീദ്, ജി വിവേക്, എൻ എ രവീന്ദ്രൻ, ശമുവേൽ ഐപ്പ്, പി ആർ വിജയകുമാർ, കെ.രാധാബായി എന്നിവർ പങ്കെടുത്തു