അടൂർ : നഗരസഭയിലെ രണ്ട്, മൂന്ന്, 13 എന്നീ വാർഡുകളിലെ സ്ഥലങ്ങളിൽ ജൂലൈ 27 മുതൽ ഏഴു ദിവസത്തേക്ക് കൂടി കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ മജിസ്‌ട്രേട്ടും കൂടിയായ ജില്ലാ കളക്ടർ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു. ബാക്കിയുള്ള വാർഡുകളിലെ നിയന്ത്രണം നീക്കി. അതേ സമയം ഇൻസ്റ്റിറ്റിയൂഷൻ ക്ലസ്റ്ററായി മാറ്റിയ അടൂർ ജനറൽ ആശുപത്രിയിലെ സമ്പർക്കം വഴി 1,3 വയസുള്ള കുട്ടികൾ ഉൾപ്പെടെ 13 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരു സഹകരണ ബാങ്ക് ജീവനക്കാരനും ജനറൽ ആശുപത്രിയിലെ 39 വയസുകാരിയായ ആരോഗ്യ പ്രവർത്തകയും സമ്പർക്കത്തിലൂടെയുള്ള രോഗബാധിതർ കൂടിയതോടെയാണ് ജനറൽ ആശുപത്രി ഇൻസ്റ്റിറ്റിയൂഷൻ ക്ലസ്റ്ററായി മാറ്റിയത്.ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർക്കാണ് ഉറവിടമറിയാത്ത കൊവിഡ് 19 സ്ഥിരീകരിച്ചത്. തുടർന്ന് രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഇരുപതിലധികം പേർക്കും ഇതിനോടകം രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമേ ഇലന്തൂർ പഞ്ചായത്ത് ഓഫീസിലെ പള്ളിക്കൽ സ്വദേശിയായ ഒരാൾ ഉൾപ്പെടെ 10 പേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതിൽ പഴകുളം,അടൂർ,മണ്ണടി,പയ്യനല്ലൂർ, ഇളംപള്ളിൽ, വടക്കടത്തുകാവ് സ്വദേശികളും ഉൾപ്പെടുന്നു.