phone

പത്തനംതിട്ട: ആൾത്തിരക്കും അതുവഴി സമ്പർക്കവും ഒഴിവാക്കപ്പെടാൻ ആവശ്യക്കാർക്ക് ഫോണിൽ സാധനങ്ങൾ ആവശ്യപ്പെടാനും അവ അവർക്കു ലഭ്യമാക്കാനും വേണ്ട സംവിധാനം കടയുടമകൾ ഒരുക്കണമെന്ന് ജില്ലാപൊലീസ് മേധാവി കെ.ജി. സൈമൺ. ഇക്കാര്യം പൊലീസ് തദ്ദേശസ്വയംഭരണവകുപ്പ് അധികൃതരുമായി സംസാരിച്ച് വ്യാപാരസ്ഥാപന ഉടമകളോട് നിർദേശിക്കണം.
ടെലിഫോണിലൂടെ ഉപയോക്താക്കളിൽനിന്നും ആവശ്യമുള്ള സാധനങ്ങളുടെ ഓർഡർ എടുക്കണം. പിന്നീട് പായ്ക്ക് ചെയ്തു വിതരണത്തിനായി തയാറാക്കുകയും ഒരുസമയത് അധികം ആളുകൾ കൂട്ടംകൂടാത്തവിധം സമയം നൽകി ഉപയോക്താക്കൾക്ക് കൊണ്ടുപോകാൻ സൗകര്യം ഒരുക്കുകയും ചെയ്യണം. കഴിയുന്നത്ര വേഗത്തിൽ സാധനങ്ങൾ ആവശ്യക്കാർക്ക് ലഭ്യമാക്കുകയും വേണം. ഈ സംവിധാനം ഒരുക്കാൻ കടയുടമകളെ പ്രേരിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിൽ തദ്ദേശഭരണവകുപ്പ് അധികൃതർക്കൊപ്പം പൊലീസ് ചേരണം. സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കാതിരുന്നാൽ നിയമനടപടി കൈക്കൊള്ളണം. ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങൾ വ്യാപാരസ്ഥാപനത്തിനു പുറത്തും ഉള്ളിലും പാലിക്കപ്പെടുന്നത് ഉടമകൾ ഉറപ്പുവരുത്താതിരുന്നാൽ അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാപൊലീസ് മേധാവി അറിയിച്ചു.