കടമ്പനാട് : വേലുതമ്പി ദളവാ സ്മാരക ലൈബ്രറി ആൻഡ് പഠനഗവേഷണകേന്ദ്രം... കേട്ടാൽ ഒരു ഗമയൊക്കെയുണ്ടെങ്കിലും ഇവിടെ എത്തിയാൽ മൂക്കത്തു വിരൽവച്ചു പോകും. ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നരവർഷമായെങ്കിലും ലൈബ്രറിയിൽ ഒരു പുസ്തകം പോലുമില്ലാത്ത അവസ്ഥ. അടച്ചുറപ്പുള്ള നല്ല കെട്ടിടം പൂട്ടിയിട്ടിരിക്കുകയാണ്.
മണ്ണടി വേലുതമ്പി ദളവാ സ്മാരക മ്യൂസിയം വളപ്പിലാണ് ലൈബ്രറിക്കും ഗവേഷണകേന്ദ്രത്തിനും കെട്ടിടം പണിതത്. ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ പ്രാദേശികവികസനഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം നടത്തിയത്.
പ്ലംബ്ബിംഗ് ,വയറിംഗ് പണികൾ നടത്തിയിട്ടില്ല. വൈദ്യുതികണക്ഷനും ലഭിച്ചിട്ടില്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണങ്കിലും കേന്ദ്രത്തിന്റെ ഉദ്ഘാടനം 2019 മാർച്ച് 26ന് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ നിർവഹിച്ചു. രാത്രി 8 മണിക്കാണ് ഉദ്ഘാടനം നടത്തിയത്. വൈദ്യുതിയില്ലാത്തതിനാൽ മെഴുകുതിരിവെട്ടത്തായിരുന്നു നാടമുറിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് ധൃതിപിടിച്ച് നടന്ന ഉദ്ഘാടന മേളകളുടെ ഭാഗമായിരുന്നു ഇത്. അന്ന് അധികൃതർ പറഞ്ഞത് ഉടൻ അമ്പത് ലക്ഷംകൂടി അനുവദിച്ച് കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കും എന്നായിരുന്നു. ഒന്നരവർഷം പിന്നിടുമ്പോഴും ഒന്നും നടന്നില്ല.
ദളവാ മ്യൂസിയം സന്ദർശിക്കാൻ ദൂരദേശങ്ങളിൽ നിന്നുപോലും ധാരാളം ആളുകൾ ഇവിടെയെത്തുന്നുണ്ട്. എന്നാൽ സന്ദർശകർക്ക് കൗതുകമുണർത്തുന്ന യാതൊന്നും ഇവിടെയില്ല.
പഠനഗവേഷണകേന്ദ്രം എന്നതുകൊണ്ട് എന്താണ് ഉദേശിക്കുന്നത് എന്ന കാര്യത്തിൽ അധികൃതർക്ക് പോലും വ്യക്തതയില്ല.
എങ്ങനെ രക്ഷിക്കാം
പ്രദേശവാസികളുടെ സഹകരണത്തോടെ ജനകീയ ഭരണസമിതി രൂപീകരിച്ച് ലൈബ്രറി പ്രവർത്തനം ആരംഭിക്കാനാകും. ഭരണസമിതിയുടെ നേതൃത്വത്തിൽ വിവിധയാളുകളെ സമീപിച്ച് ശേഖരണം നടത്തിയാൽ ആവശ്യമായ പുസ്തകങ്ങൾ കണ്ടെത്താം. ലൈബ്രറി കൗൺസിലിന്റെ അംഗീകാരം കൂടി ലഭിച്ചാൽ പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനും ലൈബ്രറേറിയനുള്ള ഗ്രാന്റും ലഭ്യമാകും. ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജനപ്രതിനിധികളുടെ സാന്നിദ്ധ്യമാണ് ആവശ്യം.