kadav
മണിമലയാറ്റിലെ പുളിക്കീഴ് കടവ്

തിരുവല്ല: പ്രകൃതിരമണീയമായ മണിമലയാറ്റിലെ പുളിക്കീഴിൽ കൽപ്പടവുകൾ നിർമ്മിച്ച് സൗന്ദര്യവൽക്കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അഗാധമായ കയങ്ങളും ചുഴിയുമുള്ള അപകടം പതിയിരിക്കുന്ന ഈ കടവിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടെ ഒട്ടേറെ പ്പേരാണ് മരിച്ചത്. കായംകുളം-തിരുവല്ല റോഡിന് സമീപത്തെ കടവായതിനാൽ പലസ്ഥലങ്ങളിൽ നിന്നും ഒട്ടേറെപ്പേരാണ് ഇവിടെയെത്തി കുളി കഴിഞ്ഞു മടങ്ങുന്നത്. ഇതിൽ കൂട്ടംകൂടിയെത്തുന്ന മദ്യപർ വരെയുണ്ട്. വാഹനങ്ങൾ കഴുകാനും മൃഗങ്ങളെ കുളിപ്പിക്കാനുമെല്ലാം ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്. നദിയുടെ കരയിൽ നിന്ന് പത്തടിയോളം മാറിയാൽ വൻ കയമാണ് . കടവിന്റെ ആഴമോ മണൽച്ചുഴിയോ ഒന്നും മനസിലാക്കാതെ മറ്റ് സ്ഥലങ്ങളിൽ നിന്ന് കുളിക്കാനെത്തുന്നവരാണ് മുങ്ങി മരിച്ചവരിലേറെയും. അവധിക്കാലങ്ങളിൽ ഒട്ടേറെ കുട്ടികളും കൂട്ടുകാരോടൊത്ത് ഇവിടെ കുളിക്കാൻ എത്താറുണ്ട്. കടവിന് സമീപത്തെ റേഷൻ ഗോഡൗണിൽ അരിയുമായെത്തിയ ലോറി നിയന്ത്രണം വിട്ടുരുണ്ട് കടവിൽ മുങ്ങിത്താഴ്ന്ന സംഭവവും മുമ്പ് ഇവിടെയുണ്ടായി. കടവിൽ കൽപ്പടവുകൾ നിർമ്മിക്കുകയും അപകട സൂചനാ ബോർഡ്‌ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.