കോന്നി: ഗംഗാ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു. കോന്നി പ്രമാടം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ കോന്നിപഞ്ചായത്ത് വാർഡ് 18 ചിറ്റൂർ ജംഗ്ഷനും പ്രമാടം പഞ്ചായത്തിലെ വാർഡ് അഞ്ച് ഇളകൊള്ളൂർ കൂടി ചേരുന്ന പ്രദേശത്തെ 120 കുടുംബങ്ങൾക്ക് ശുദ്ധജല ലഭ്യമാകുന്ന വലിയ പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. 2007ലാണ് ഗംഗാ കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമാകുന്നത്.ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന റോബിൻ പീറ്റർ 2014-15 വാർഷിക പദ്ധതിയിൽ 7.50 ലക്ഷം രൂപ വക കൊള്ളിച്ച് 25000 ലിറ്റർ വെള്ളം കൊള്ളുന്ന വാട്ടർടാങ്കിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും പ്രവർത്തനങ്ങൾ വീണ്ടും മന്ദഗതിയിലായിരുന്നു. എന്നാൽ കോന്നി പഞ്ചായത്ത് ഭരണ സമിതി പദ്ധതി ഏറ്റെടുത്ത് ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായി മാറ്റി. ജില്ലാ പഞ്ചായത്തിൽ നിന്നും അഞ്ച് ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം, കോന്നി പഞ്ചായത്ത് 9 ലക്ഷം എന്നീ നിലയിൽ തുക വകയിരുത്തി നിർമ്മാണം വേഗത്തിലാക്കി.
ടാപ്പ് സ്ഥാപിക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിൽ
പൈപ്പ് ലൈൻ സ്ഥാപിച്ച് വീടുകളിൽ ടാപ്പ് സ്ഥാപിക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിലാണ്.അവസാന ഘട്ട പ്രവർത്തനങ്ങൾക്ക് കോന്നി പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗമാണ് മേൽനോട്ടം വഹിക്കുന്നത്. ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിനായി പ്രമാടം പഞ്ചായത്ത് 6.15 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ട്.കുടിവെള്ള പദ്ധതിയുടെ ഗുണഭോക്തൃ വിഹിതമായ 3.60 ലക്ഷം രൂപയും പദ്ധതിയ്ക്കായി മുടക്കിയിട്ടുണ്ട്. ത്രിതല പഞ്ചായത്ത് 44.90 ലക്ഷം രൂപയാണ് മുടക്കിയിട്ടുള്ളത്.120 ഗുണഭോക്താക്കളിൽ 100 കുടുംബങ്ങൾ കോന്നി പഞ്ചായത്തിലും പ്രമാടം പഞ്ചായത്തിൽ 20 കുടുംബങ്ങളുമാണ് ഉള്ളത്. 15പട്ടികജാതി കുടുംബങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കോന്നി പഞ്ചായത്ത് പ്രസിഡന്റ് രജനി.എംന്റെ നേതൃത്വത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തി. പ്രമാടംപഞ്ചായത്ത് പ്രസിഡന്റ് റോബിൻപീറ്റർ, ചിറ്റൂർ ശങ്കർ,പ്രവീൺ പ്ലാവിളയിൽ, വാർഡ് മെമ്പർ ലിസി സാം, കുടിവെള്ള സമിതി പ്രസിഡന്റ് പി.എസ്.ഗോപാലൻ, സെക്രട്ടറി കെ.എസ്. എബ്രഹാം, ട്രഷറർ ഒ.വി.വിജയൻ, അംഗങ്ങളായ ബിനു ജോർജ്ജ്, ഉഷ രാമചന്ദ്രൻ, രാജപ്പൻ, സരസമ്മ ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുത്തു.
-120 കുടുംബങ്ങൾക്കുള്ള ശുദ്ധജല പദ്ധതി