തണ്ണിത്തോട്: വന്യമൃഗങ്ങൾ കാടിറങ്ങുന്നതോടെ തണ്ണിത്തോട്, കോന്നി, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ മലയോര ഗ്രാമങ്ങളിലെ കർഷകർ ദുരിതത്തിലായി. മലയോരത്തെ കൃഷിയിടങ്ങളിൽ കാട്ടാന,കാട്ട് പോത്ത്, മ്ലാവ്,കേഴ,കാട്ടുപന്നി,കുരങ്ങ്, മലയണ്ണാൻ,കാട്ടുകോഴി, മുള്ളൻപന്നി തുടങ്ങിയ വന്യമൃഗങ്ങളാണ് കൃഷി നശിപ്പിക്കുന്നത് തണ്ണിത്തോട്,പഞ്ചായത്തിലെ തേക്ക്‌തോട്,തണ്ണിത്തോട്, കരുമാൻതോട്, മൂർത്തിമൺ,ഏഴാന്തല, മണ്ണീറ,എലിമുള്ളംപ്ലാക്കൽ,മേടപ്പാറ,തൂബാക്കുളം,പൂച്ചക്കുളം, മേക്കണ്ണം,കെ.കെ പാറ,അള്ളുങ്കൽ,തുടങ്ങിയ പ്രദേശങ്ങളിലും,അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാതോട്, കല്ലലി, വയക്കര,ഒരേക്കർ,അപ്പൂപ്പൻതോട്,നീരാമക്കുളം,സ്‌കൂൾമുരുപ്പ്,നെടുമ്പാറ, വട്ടമൺ തുടങ്ങിയ പ്രദേശങ്ങളിലും കോന്നി പഞ്ചായത്തിലെ ആവോലിക്കുഴി, ഞള്ളൂർ, അടുകാട്, താവളപ്പാറ മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴ, മുക്കുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് വന്യമൃഗ ശല്യം രൂക്ഷമാകുന്നത്.

കൃഷി ഉപേക്ഷിച്ച് ക‌ർഷകർ

സന്ധ്യ മയങ്ങിയാൽ കാട്ടാനക്കൂട്ടം വീടുകളുടെ സമീപത്ത് വരെയെത്തുന്ന സ്ഥിതിയാണ്. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ സ്വകാര്യ റബർ തോട്ടങ്ങളിലും, പ്ലാന്റെഷൻ കോർപ്പറേഷന്റെയും ഹാരിസൺ പ്ലാന്റെഷന്റെയും റബർ തോട്ടങ്ങളിൽ അടിക്കാട് തെളിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ വന്യമൃഗങ്ങളുടെ താവളമാകുന്നു. ഉൾപ്രദേശങ്ങളിലെ റോഡ് വശങ്ങളിൽ കാട് വളർന്ന് ഇഴജന്തുക്കൾക്ക് താവളമൊരുക്കുന്നു. റബർ മുറിച്ച ശേഷം വിലയിടിവിനെ തുടർന്ന് ആവർത്തന കൃഷി ചെയ്യാതെ തരിശുകിടക്കുന്ന സ്ഥലങ്ങളും ഈ പ്രദേശങ്ങളിൽ നിരവധിയാണ്.വിലത്തകർച്ചയും വന്യമൃഗ ശല്യവും മൂലം മലയൊര ഗ്രാമങ്ങളിലെ കർഷകർ തങ്ങളുടെ പ്രധാന ജീവിതോപാധിയായ കർഷീകവൃത്തി ഉപേക്ഷിച്ച് തുടങ്ങി.

വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ വനം വകുപ്പ് സ്ഥാപിച്ച സൗരോർജ വേലികൾ പലതും നശിച്ചു. ഇവ അറ്റകുറ്റപ്പണികൾ തീർത്ത് നന്നാക്കുന്നതിനോ പുതിയവ സ്ഥാപിക്കുന്നതിനോ വനം വകുപ്പ് നടപടിയെടുക്കുന്നില്ല.

(കർഷകർ)