-kip

അടൂർ: 15 സെന്റോളം ഭൂമിയിലെ മുളങ്കാട് ഉഗ്രവിഷമുള്ള പാമ്പുകൾക്ക് ആവാസകേന്ദ്രമാകുമ്പോൾ ഒരു പ്രദേശത്തിന്റെ സമാധാന ജീവിതത്തിന് ഭീഷണിയാകുകയാണ്. പഴകുളം തെങ്ങുംതാര പ്രദേശത്തെ പത്തോളം വീട്ടുകാരാണ് മൂർഖൻ, അണലി തുടങ്ങിയ വിഷപാമ്പുകളുടെ ഭീഷണിയിൽ പുറത്തിറങ്ങാൻ കഴിയാതെ ജീവിക്കുന്നത്. പഴകുളം പാസ് ജംഗ്ഷനിൽ നിന്ന് കനാൽ കരയിലൂടെ തെക്കോട്ട് സഞ്ചരിക്കുമ്പോൾ രണ്ടാമത്തെ പാലത്തിന് ഇടതുവശത്തായാണ് പാമ്പുകളുടെ താവളമായ മുളക്കൂട്ടം ഉള്ളത്. പള്ളിക്കൽ പഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെടുന്ന പ്രദേശമാണിത്. 30 വർഷം മുൻപ് മണ്ണൊലിപ്പ് തടയുന്നതിനാണ് സോഷ്യൽ ഫോറസ്ട്രിയുടെ സഹായത്തോടെ കനാൽ കരകളിൽ അക്കേഷ്യ, മുള തുടങ്ങിയവ വച്ചുപിടിപ്പിച്ചത്. ഇത് വളർച്ച എത്തിയതോടെ മുറിച്ചു മാറ്റുകയും ചെയ്തു. എന്നാൽ അന്ന് കരാർ ഏറ്റെടുത്തവർ ഈ ഭാഗത്തെ മുളങ്കാട് മാത്രം മുറിച്ചില്ല. മുള്ളു നിറഞ്ഞ മുള മുറിക്കാൻ നേരിട്ട ബുദ്ധിമുട്ടായിരുന്നു കാരണം. മുളങ്കാട്ടിൽ നിറയെ മൺ പുറ്റുകളാണ്. ഇവിടെ നിന്ന് രാപകൽ വ്യത്യാസമില്ലാതെ സമീപത്തെ വീട്ടുമുറ്റത്തും പരിസരത്തും പാമ്പുകൾ ഇഴഞ്ഞു കയറുന്നു. വീടിന് പുറത്തിറങ്ങാൻ മടിക്കുകയാണ് കുടുംബങ്ങൾ. വടിയില്ലാതെ വഴിയിൽ ഇറങ്ങാനാവാത്ത അവസ്ഥ.

പരാതികൾ നൽകിയിട്ടും ഫലമില്ലാതായതോടെ മുന്നിൽ വന്നുപ്പെടുന്ന പാമ്പുകളെ നാട്ടുകാർ കൊല്ലുന്നുമുണ്ട്.

കെ.ഐ.പി അധികൃതർക്ക് പരാതി നൽകി മടുത്തു. പരാതി വനംവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും അവരാണ് നടപടി എടുക്കേണ്ടതെന്നുമാണ് കെ.ഐ. പിയുടെ വിശദീകരണം.

മനു ചന്ദ്രൻ പ്രദേശവാസി.

നാട്ടുകാരുടെ പരാതിയെ തുടർന്ന് മുളങ്കാട് മുറിച്ചു മാറ്റാൻ ശ്രമം നടത്തിയെങ്കിലും കെ.ഐ.പി തടസം നിൽക്കുകയാണ്.

അഖിൽ പെരിങ്ങനാടൻ

വാർഡ് മെമ്പർ