പത്തനംതിട്ട- രണ്ടു ദിവസത്തിനകം പമ്പ ത്രിവേണിയിലെ മണൽ, മാലിന്യം നീക്കം ചെയ്യൽ പൂർത്തിയാകുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. പമ്പാ ത്രിവേണിയിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ, മാലിന്യം നീക്കം ചെയ്യുന്നതിനുള്ള അവസാന ഘട്ട പ്രവർത്തനങ്ങൾ പമ്പയിലെത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ.
73,000 ക്യുബിക് മീറ്റർ മണൽ, മാലിന്യങ്ങളാണ് ഇതുവരെ നീക്കംചെയ്തത്. 2,000 ക്യുബിക് മീറ്റർ കൂടി മാറ്റിയാൽ പണി പൂർത്തിയാകും. 1,28,000 മീറ്റർ ക്യൂബ് മണൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനാണ് തിരുവല്ല സബ് കളക്ടർ അടങ്ങിയ സംഘം റിപ്പോർട്ട് നൽകിയത്. എന്നാൽ, അത്രയും മണൽ മാറ്റേണ്ടതില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 75,000 ക്യുബിക് മീറ്റിൽ പ്രവർത്തനം അവസാനിപ്പിക്കുന്നത്.
പമ്പ ത്രിവേണിയിലെ 2.2 കിലോമീറ്റർ വൃത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. തീർത്ഥാടകർക്ക് കുളിക്കാനുള്ള സ്നാന സ്ഥലവും വൃത്തിയാക്കിയിട്ടുണ്ട്. ഇനിയൊരു വെള്ളപ്പൊക്കമുണ്ടായാൽ അതിന്റെ ആഘാതം കുറയ്ക്കുന്നതിന് ഈ പ്രവർത്തനം സഹായിക്കും. പമ്പ ത്രിവേണിയിലെ മാലിന്യം നീക്കലിനു പുറമേ പമ്പ ഉൾപ്പടെയുള്ള മൂന്ന് പ്രധാന നദികളിലെ 44 കടവുകളിൽ നിന്ന് മാലിന്യം നീക്കുന്നതിനുള്ള പ്രവർത്തനവും അവസാന ഘട്ടത്തിലാണെന്ന് കളക്ടർ പറഞ്ഞു.
പമ്പയിൽ 2018ലെ പ്രളയത്തിനു ശേഷം പമ്പ ത്രിവേണി മുതൽ രണ്ടു കിലോമീറ്ററിൽ അധികം സ്ഥലത്ത് അടിഞ്ഞു കൂടിയിരിക്കുന്ന മണൽ, മാലിന്യങ്ങൾ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു
തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബി. രാധാകൃഷ്ണൻ, റാന്നി തഹസിൽദാർ പി. ജോൺ വർഗീസ് എന്നിവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.