അടൂർ: മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളവർ ക്വാറന്റൈനിൽ പ്രവേശിച്ചതോടെ അടൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രവർത്തനം തടസപ്പെട്ടു. അടൂർ ക്ലസ്റ്ററിലെ ആരോഗ്യ പ്രവർത്തക വഴിയുള്ള സമ്പർക്കത്തിൽ മണ്ണടി സ്വദേശിനിയായ മജിസ്ട്രേറ്റ് കോടതിയിലെ സൂപ്രണ്ടിന് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളവർ ക്വാറന്റൈനിലായത്. ഇവരുമായി ബന്ധമില്ലാത്ത 3 ജീവനക്കാർ മാത്രമാണ് ഇന്നലെ കോടതിയിൽ എത്തിയത്. മുൻസിഫ് കോടതിയും പരിസരവും ഇന്നലെ അണുവിമുക്തമാക്കി. കണ്ടൈൻമെന്റ് സോണായി മാറ്റിയ നഗരസഭ രണ്ടാം വാർഡ് പൂർണമായും അടച്ചെങ്കിലും മൂന്നാം വാർഡിൽ ഇതിനുള്ള നടപടി സ്വീകരിച്ചില്ല. ഊട്ടിമുക്കിൽ നാലാം വാർഡിലേക്കുള്ള പ്രവേശന കവാടം അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ചില മേഖലകളിൽ നിന്നുള്ള എതിർപ്പ് കാരണം നടന്നില്ല. അടൂർ ക്ലസ്റ്ററിൽ നിന്ന് ഇന്നലെ രണ്ടു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിനിടെ നഗരസഭ രണ്ടാം വാർഡിൽ കൊവിഡ് 19 സ്ഥിരീകരിച്ച ആട്ടോറിക്ഷ ഡ്രൈവർ വഴി 50-ൽപ്പരം ആളുകൾക്ക് പ്രാഥമിക സമ്പർക്കം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.