മല്ലപ്പള്ളി: മഴക്കാലമായിട്ടും കുടിവെള്ളമെത്താതെ മല്ലപ്പള്ളി പഞ്ചായത്തിന്റെ 10ാം വാർഡിൽപ്പെട്ട പുല്ലാംപൊയ്ക പ്രദേശം. ജലഅതോറിറ്റിയുടെ പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് ഈ പ്രദേശത്തെ 60 ഓളം വരുന്ന തൊഴിലാളി കുടുംബങ്ങൾ കഴിയുന്നത്. സ്വന്തമായി കിണറില്ലാത്തവരാണ് ബഹു ഭൂരിപക്ഷം വീട്ടുകാരും ജല അതോറിറ്റിയുടെ പരയ്ക്കത്താനം ടാങ്കിൽ നിന്നുമാണ് ഇവിടെ വെള്ളം എത്തേണ്ടത്.ടാങ്ക് നിറഞ്ഞതിനു ശേഷം തുറന്നുവിട്ടെങ്കിൽ മാത്രമേ ഈ പ്രദേശത്ത് കുടിവെള്ളമെത്തുകയുള്ളൂ.ഉദ്യോഗസ്ഥൻ പലപ്പോഴും അതിനു മുതിരാതെ തുറന്നുവിടുന്നതാണ് ഇവിടെ വെള്ളം എത്താതിരിക്കാൻ കാരണം. ഈ മഴക്കാലത്തും സ്വന്തമായി വെള്ളം ഇറക്കേണ്ട ഗതികേടിലാണ് ഈ പ്രദേശത്തെ തൊഴിലാളി കുടുംബങ്ങൾ. ജനപ്രതിനിധികളോടും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞ് ഇവർ മടുത്തു. യാതൊരു പരിഹാരവും ഇതുവരേയും ഉണ്ടായിട്ടില്ല.
മുമ്പ് ആഴ്ചയിലും രണ്ട് തവണ, ഇപ്പോൾ അതുമില്ല
മുമ്പ് ആഴ്ചയിൽ രണ്ടു പ്രാവശ്യം വെള്ളം എത്തിയിരുന്നതാണ്. കൊവിഡ് കാരണം തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ടുമ്പോൾ ആഹാരത്തോടൊപ്പം കുടിവെള്ളവും വിലകൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് ഈ തൊഴിലാളി കുടുംബങ്ങൾ.പുല്ലാംപൊയ്ക ഭാഗത്ത് എത്രയും വേഗം കുടിവെള്ളം എത്തിക്കുവാൻ ബന്ധപ്പെട്ടവർ തയാറാവണമെന്ന് കോൺഗ്രസ് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം സമരങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ യോഗം തീരുമാനിച്ചു.വാർഡ് പ്രസിഡന്റ് കെ.എസ്.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ.ജി.സാബു യോഗം ഉദ്ഘാടനം ചെയ്തു.തമ്പി കോട്ടച്ചേരിൽ,ദിലീപ് ജോൺ,ജോർജ് തോമസ്,അനിയൻ വി.കെ.,പ്രമോദ് ലാൽ,രാജൻ പാറയിൽ,സനൽകുമാർ മന്ദാരത്തിൽ,മനീഷ് വല്യമൺമലയിൽ എന്നിവർ സംസാരിച്ചു.