മല്ലപ്പള്ളി - കീഴ്വായ്പ്പൂരിൽ ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. വൈദ്യുതി വകുപ്പ് കരാർ തൊഴിലാളി തിരുവനന്തപുരം കല്ലമ്പളം സ്വദേശി മാവിൻവിള പുത്തൻവീട്ടിൽ നിജിത് (33)നാണ് പരിക്കേറ്റത്. വെണ്ണിക്കുളം കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിൽ എ.ബി.സി. കേബിൾ സ്ഥാപിക്കുന്നതിനിടെ വായ്പ്പൂര്, വെണ്ണിക്കുളം സെക്ഷനുകളുടെ ഇന്റർ ലിങ്കിംഗ് പോസ്റ്റിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉച്ചയൂണ് കഴിഞ്ഞ് പോസ്റ്റിൽ കയറിയപ്പോൾ വെണ്ണിക്കുളം ലൈനിൽ വൈദ്യുതി നിലച്ചിരുന്നില്ലെന്നും ഇവിടെയുള്ള 11 കെ.വി. ലൈനിൽ നിന്നും ഷോക്കേൽക്കുകയുമായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. പോസ്റ്റിന്റെ മുകളിൽ നിന്ന് സമീപത്തെ വീടിന്റെ മതിലിൽ തട്ടി വീട്ടുമുറ്റത്തേക്ക് പൊള്ളലേറ്റുവീണ നിജിതിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.