പത്തനംതിട്ട: അടിയന്തര ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ കാൻസർ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗാവസ്ഥ ഗുരുതരമായതിനാൽ ഡോക്ടർമാർ നടത്തിയ ശസ്ത്രക്രിയ്ക്കിടെ രോഗി മരിച്ചു. ഡോക്ടർമാർ അടക്കം ക്വാറന്റൈനിൽ പ്രവേശിച്ചു. മെഴുവേലി തുണ്ടുകാട് തെങ്ങിനാൽ മണ്ണിൽ മോഹൻദാസ് (74) ആണ് ഞായറാഴ്ച രാത്രി ഏഴരയോടെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ മരിച്ചത്. വൻകുടലിൽ ദശ വളരുന്നതിനെ തുടർന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കാൻസർ സ്ഥിരീകരിച്ചത്. അവിടെ നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് എന്നാണ് ഫലം വന്നത്. തുടർന്നാണ് പുഷ്പഗിരി മെഡിക്കൽ കോളജിൽ ചികിൽസ തേടിയത്.

30 ന് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ച് 25 ന് വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോൾ വയറു വേദന കലശലായതിനെ തുടർന്ന് കിടങ്ങന്നൂരിലെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. രോഗം ഗുരുതരമായതിനാൽ അവിടെ നിന്ന് പുഷ്പഗിരിയിലേക്ക് വീണ്ടും കൊണ്ടു പോയി. ശനിയാഴ്ചയാണ് പുഷ്പഗിരിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്താൻ സ്രവം ശേഖരിച്ചു. ഞായറാഴ്ച രാവിലെ ഫലം വന്നപ്പോൾ കൊവിഡ് പോസിറ്റീവ് ആയിട്ടും ജീവൻ രക്ഷിക്കാൻ വേണ്ടി ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്കിടെ ഇന്നലെ രാത്രി ഏഴരയോടെയാണ് മരിച്ചത്. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് രാത്രി തന്നെ നടത്തി. മക്കൾ: പി.എം. അനിൽകുമാർ, അമ്പിളി, അഭിലാഷ് (മസ്‌കറ്റ്). മരുമക്കൾ: സത്യരാജ്, രശ്മി.