തിരുവല്ല: ഇരവിപേരൂർ പഞ്ചായത്തിൽ 104 കിടക്കളുമായി കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ സർക്കാർ നിർദ്ദേശപ്രകാരം തയാറാക്കി. ജില്ലയിലെ രണ്ടാമത് ചികിത്സാകേന്ദ്രമായി പ്രവർത്തനം ആരംഭിച്ച കൊട്ടയ്ക്കാട് ആശുപത്രിയിലെ 40 കിടക്കകൾ കൂടാതെ 64 കിടക്കകളുമായി യാഹിർ കൺവെൻഷൻ സെന്റർ കൂടി ക്രമീകരിച്ചിരിക്കുകയാണ്. ഇവിടേയ്ക്ക് വേണ്ടിവരുന്ന സാധനസാമഗ്രികൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുകയായിരുന്നു. ടോയ് ലറ്റ് നിർമ്മാണത്തിന്റെ ചെലവ് പഞ്ചായത്ത് ഫണ്ടിൽ നിന്നും കണ്ടെത്തി. യാഹിർ കൺവെൻഷൻ സെന്ററിലെ ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.രാജീവ്, സബ് കളക്ടർ ഡോ.വിനയ് ഗോയൽ,പഞ്ചായത്ത് സെക്രട്ടറി സുജാകുമാരി, സെന്ററിന്റെ ചാർജ്ജ് വഹിക്കുന്ന ഡോ.ശ്രീകാന്ത്, മെമ്പർമാരായ വി കെ ഓമനക്കുട്ടൻ,സാബു ചക്കുംമൂട്ടിൽ, പ്രജിത എൽ,സാലി ജേക്കബ്, പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.