തലമുറകൾ കടന്ന ബാസ്‌കറ്റ്ബാൾ
പാരമ്പര്യവുമായി ഒരു ഗ്രാമം
പത്തനംതിട്ട: ബാസ്‌കറ്റ്ബാൾ കളിക്കാരുടെ സ്വന്തം നാട്... പത്തനംതിട്ടയിലെ കുറിയന്നൂർ ഗ്രാമത്തെ ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം. 22 സംസ്ഥാന ക്യാപ്ടൻമാരെയും 161 കളിക്കാരെയും രാജ്യത്തിന് സമ്മാനിച്ച ചരിത്രമാണ് കുറിയന്നൂരിന്റേത്.
ആൺ പെൺ വ്യത്യാസമില്ലാതെ ഇവിടത്തെ കുടുംബങ്ങളിലെ ഒരാളെങ്കിലും ബാസ്കറ്റ് ബാൾ താരമായിരിക്കും. കേരള പൊലീസ് ബാസ്കറ്റ് ബാൾ ടീമിന്റെ സഹ പരിശീലകനായ അനുമോഹൻദാസ്, സംസ്ഥാന ടീമംഗം എ.ആർ. അഖിൽ, ഐ.ഒ.ബിയുടെ ഡെപ്യൂട്ടി മാനേജർ ജോർജ് സക്കറിയ തുടങ്ങി നിരവധി പ്രതിഭകളുടെ നാട്. കുറിയന്നൂർ സിസ്റ്റേഴ്സ് എന്നറിയപ്പെട്ടിരുന്ന ഉഷ, ആശ, നിഷ, ജിഷ എന്നിവരെല്ലാം ഈ കുറിയനാടിന്റെ പെരുമ വാനോളമുയർത്തി. ജിഷ ഒഴികെയുള്ളവർ സംസ്ഥാന ക്യാപ്ടൻമാരുമായി. എട്ട് സംസ്ഥാന ചാമ്പ്യൻഷിപ്പും ഒരു സൗത്ത് സോൺ നാഷണൽ ചാമ്പ്യൻഷിപ്പും ഇവിടെ നടന്നിട്ടുണ്ട്.
ബാസ്കറ്റ് ബാളിന്റെ വഴി
1936ൽ കുറിയന്നൂർ സ്വദേശിയും അദ്ധ്യാപകനുമായ പൊന്നിരിക്കുന്നതിൽ സാമുവേൽ തോമസാണ് നാട്ടുകാരെ ബാസ്‌കറ്റ്ബാൾ പരിചയപ്പെടുത്തുന്നത്. ആലുവ യു.സി കോളേജിൽ പഠിക്കുമ്പോൾ ബാസ്കറ്റ് ബാൾ പഠിച്ച സാമുവൽ തുടർന്ന് കുറിയന്നൂർ മാർത്തോമ്മ സ്കൂളിൽ അദ്ധ്യാപകനായി. അപ്പോഴാണ് അദ്ദേഹം വിദ്യാർത്ഥികളെ കളി പഠിപ്പിച്ചത്. ഉയരമുള്ള രണ്ട് പേരുടെ കൈയിൽ നെറ്റ് പിടിപ്പിച്ചായിരുന്നു പരിശീലനം. 1938ലാണ് മാർത്തോമ്മ സ്കൂളിൽ മരത്തടിയിലെ കോർട്ട് നിർമ്മിച്ചത്. ഇപ്പോൾ കുറിയന്നൂർ മാർത്തോമ്മ പള്ളി, ഗുഡ് ഷപ്പേർഡ് സ്കൂൾ എന്നിവയടക്കം മൂന്ന് കോർട്ടുകളുണ്ട്. 1997ൽ കേരള സ്പോർട്സ് കൗൺസിൽ കുറിയന്നൂരിലെ മാർത്തോമ്മ പള്ളിയിൽ സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചു.
'മാർത്തോമ്മ സ്കൂളിനെ ഹയർ സെക്കൻഡറിയാക്കാൻ പലതവണ അപേക്ഷിച്ചിട്ടും നടന്നില്ല. സ്പോർട്സ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ പത്തിന് ശേഷം മറ്റ് സ്കൂളുകളിൽ പഠിച്ചാണ് പരിശീലനം നടത്തുന്നത്. അതും കിലോമീറ്ററുകൾ സഞ്ചരിച്ച്".
- എം.എം. ചാക്കോ,
മുൻ ബാസ്കറ്റ് ബാൾ ഫെഡറേഷൻ
ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റ്
'സമ്മർക്യാമ്പുകൾ എല്ലാവർഷവും നടത്തുന്നുണ്ട്. ഇത്തവണ കൊവിഡ് മൂലം മുടങ്ങി. ഓൺലൈൻ ക്ലാസുണ്ട്. വിവിധ ജില്ലകളിലെ കുട്ടികൾ ഇവിടെ പഠിക്കാനെത്തുന്നുണ്ട്".
- രാജു എബ്രഹാം,
കേരള സ്പോർട്സ് കൗൺസിൽ പരിശീലകൻ