തിരുവല്ല: കൊവിഡ് പരിശോധനയ്ക്കുള്ള ആർ.ടി.പി.സി.ആർ ലാബ് ജില്ലയിൽ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ ആവശ്യപ്പെട്ടു. നിലവിൽ ജില്ലയിൽ നിന്നും ശേഖരിക്കുന്ന സ്രവം തിരുവനന്തപുരത്തെ ലാബിലാണ് പരിശോധിക്കുന്നത്. ഇതുകാരണം ജില്ലയിലെ സ്രവ പരിശോധനാ ഫലം വരാൻ ആഴ്ചകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇതുമൂലം ആയിരക്കണക്കിന് ആളുകളാണ് ഭയാശങ്കകളോടെ കൂടുതൽ ദിവസങ്ങൾ ക്വാറന്റൈനിൽ കഴിയേണ്ടി വരുന്നത്. അനുദിനം രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തരമായി ആർ.ടി.പി.സി.ആർ ലാബ് അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്നും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അയച്ച കത്തിൽ ആവശ്യപ്പെടുന്നു.