mayil

പത്തനംതിട്ട : കൊവിഡ് കാലത്തിന്റെ നിയന്ത്രണങ്ങളിൽ ഒന്നുംപെടാതെ ദിവസവും ഉച്ചയോടടുക്കുമ്പോൾ കടമ്മനിട്ട കൊച്ചു കിഴക്കേതിൽ വീട്ടിൽ ഒരതിഥിയെത്തും. പീലി വിടർത്തി നടന്നും പറന്നും അവൻ വീട്ടുകാരെ കയ്യിലെടുക്കും. അവർ നൽകുന്ന ചോറും പഴങ്ങളും ആവോളം കഴിച്ചാണ് മടക്കം.

രണ്ടാഴ്ചയിലേറെയായി മയിലിന് ഭക്ഷണം വിളമ്പാൻ കാത്തിരിക്കുകയാണ് കൊച്ചുകിഴക്കേതിൽ ജോൺസൺ സാമുവേലും ഭാര്യ ജെസിയും. വീടിനടുത്ത മരത്തിലാണ് കൂടുതൽ സമയവും ഇരിക്കുക. വീട്ടിലെ മൂന്ന് വയസുകാരൻ ജോനാതനോടൊപ്പം ഓടിക്കളിക്കാനും ഭക്ഷണം കഴിക്കാനും ഒപ്പം കൂടും. വിളിക്കുമ്പോൾ തന്നെ ഓടിയെത്തും. ചില ദിവസങ്ങളിൽ മറ്റൊരു മയിലിനെയും കൂടെ കൊണ്ടുവരാറുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. ആദ്യം എല്ലാവരും ഏറെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ഇപ്പോൾ നാട്ടുകാർക്ക് ഇൗ ആൺമയിൽ ഏറെ പരിചിതനായിരിക്കുന്നു.