കോന്നി : കഴിഞ്ഞ മേയ് മാസം കടുവാപേടിയിലായിരുന്നു മലയോരം. മേടപ്പാറയിൽ ടാപ്പിംഗ് തൊഴിലാളിയായാ യുവാവിനെ കടുവ കടിച്ചു കൊന്നതിന് പിന്നാലെ പലയിടങ്ങളിലായി കടുവയുടെ സാന്നിദ്ധ്യം അറിഞ്ഞ നാളുകൾ. ഒരുമാസത്തിന് ശേഷം അവശനിലയിൽ കണ്ടെത്തിയ കടുവ ചത്തത്തോടെയാണ് പരിഭ്രാന്തിയൊഴിഞ്ഞത്. എന്നാൽ കടുവ കാടിറങ്ങിയ സാഹചര്യത്തെക്കുറിച്ച് വനപാലകർ പോലും ഒരക്ഷരം മിണ്ടിയില്ല. നമ്മുടെ ദേശീയ മൃഗമായ കടുവയുടെ സംരക്ഷണം എങ്ങനെ പോകുന്നു...? അന്താരാഷ്ട്ര കടുവാദിനമാണിന്ന്. ഓർമ്മപ്പെടുത്തലുകൾ ഒന്നുമില്ലാതെ ഇൗ ദിനവും കടന്നുപോകുകയാണ്.
കടുവ വിശേഷം
2010 ജൂലായ് 29 മുതലാണ് അന്തർദേശീയ കടുവാ ദിനമായി ആചരിച്ചുവരുന്നത്. സെന്റ് പീറ്റേഴ്സ് ബർഗിലാണ് കടുവാദിനം വിളംബരം ചെയ്തത്. ലോകത്തിൽ ഇന്ന് 3200 കടുവകൾ മാത്രമാണുള്ളത്. ഏറ്റവും കൂടുതൽ കടുവകളുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ 2,200 കടുവകൾ ഉണ്ടെന്നാണ് കണക്ക്. ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം കർണാടകയാണ്. ഇവിടെ 326 കടുവകളുണ്ട്.
ദേശീയ മൃഗം
ഇന്ത്യയുടെ ദേശീയ മൃഗമാണ് കടുവ. 1972 വരെ നമ്മുടെ ദേശീയ മൃഗം സിംഹമായിരുന്നു. കടുവയുടെ ശക്തിയും പ്രതാപവും പ്രൗഢിയും സൗന്ദര്യവുമാണ് കടുവയെ ദേശീയ മൃഗമായി പരിഗണിക്കാൻ ഇടയാക്കിയത്. പൂർണ്ണ വളർച്ച എത്തിയ ഒരു കടുവയ്ക്ക് മുന്ന് മീറ്റർ നീളവും 90 മുതൽ 105 സെന്റീമീറ്റർ വരെ ഉയരവും ഉണ്ടാകും. 180 മുതൽ 230 കിലോഗ്രാം വരെ തൂക്കം വരും. പെൺകടുവകൾക്ക് തൂക്കത്തിൽ 45 കിലോയുടെ കുറവുണ്ടാകും.
കടുവാ സംരക്ഷണം
1972 കാലഘട്ടത്തിൽ ഇന്ത്യയിൽ ആകെ കടുവകളുടെ എണ്ണം 1800 ആയിരുന്നു. 1973 ൽ കേന്ദ്ര സർക്കാർ കടുവ സംരക്ഷണ പദ്ധതി നടപ്പാക്കി. 1986 ൽ കടുവകളുടെ എണ്ണം 41015 ആയി വർദ്ധിച്ചിരുന്നെങ്കിലും പിന്നീട് കുറഞ്ഞു. വംശനാശ ഭീഷണി നേരിടുന്നതിനാൽ ഇവയുടെ സംരക്ഷണത്തിന് 2005ൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറട്ടറി രൂപീകരിച്ചു. ഇന്ത്യയിൽ 50 ടൈഗർ റിസർവുണ്ട്.
വംശനാശ ഭീഷണി.....
ഇന്റർനാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഒഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സസ് (ഐ.യു.സി.എൻ) വംശനാശം നേരിടുന്ന വന്യജീവികളെക്കുറിച്ച് പുറത്തിറക്കിയ റെഡ് ഡേറ്റായിൽ കടുവയും സ്ഥാനം പിടിച്ചിട്ടുണ്ട്. ജനപ്പെരുപ്പവും വേട്ടയാടുന്നതുമാണ് വംശനാശത്തിന് കാരണം. തോൽ, മാംസം, പല്ല്, എല്ല്, തലച്ചോറ്, മീശ എന്നിങ്ങനെ എല്ലാത്തിനും കടുവകളെ വേട്ടയാടാറുണ്ട്. ഒരു പ്രസവത്തിൽ നാലും അഞ്ചും കുട്ടികൾ ഉണ്ടാകാറുണ്ടെങ്കിലും ഒന്നോ രണ്ടോ മാത്രമേ ജീവിച്ചിരിക്കാറുള്ളു.
പത്തനംതിട്ടയും കടുവാ സങ്കേതം....
കേരളത്തിൽ പെരിയാർ, പറമ്പിക്കുളം എന്നിവയാണ് കടുവാ സങ്കേത കേന്ദ്രങ്ങൾ. പെരിയാൻ സങ്കേതം ശബരിമല, റാന്നി വനമേഖലകൾ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലും വ്യാപിച്ചുകിടക്കുന്നു.
ജില്ലയിൽ ഗവി, ഗൂഡ്രിക്കൽ, കോന്നി, റാന്നി, മണ്ണാറപ്പാറ റേഞ്ചുകളിലാണ് കടുവകളുണ്ട്. രണ്ടുവർഷത്തിനിടെ കോന്നിയിൽ ഇറങ്ങിയ കടുവ രണ്ടുപേരെ കൊന്ന് ഭക്ഷണമാക്കിയിരുന്നു. പെരിയാർ കടുവാ സങ്കേതത്തിൽ 36 കടുവകളുണ്ടെന്നാണ് നിഗമനം.