റാന്നി: റബർ തോട്ടത്തിലെ കാട് തെളിക്കുന്നതിനിടെ കുളവിയുടെ കുത്തേറ്റ് വെച്ചൂച്ചിറ കനകപ്പാലം രാജീവ്ഭവനിൽ ആലയിൽപടിഞ്ഞാറേതിൽ ശാന്തമ്മ (67) മരിച്ചു. ഇന്നലെ രാവിലെ എട്ടുമണിയോടെ വെച്ചൂച്ചിറ നവോദയ സ്കൂളിന് സമീപമുള്ള പെരുന്തേനരുവി ഇരുമേടയിൽ ഇ.ജെ മത്തായിയുടെ (തങ്കച്ചന്റെ) തോട്ടത്തിൽ കാട് തെളിക്കുമ്പോഴാണ് സംഭവം. മുഖത്തും നെറ്റിയിലും കുത്തേറ്റ് ശാന്തമ്മ വീണതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ റോഡിലെത്തിച്ചു. പൊലീസെത്തി ആംബുലൻസിൽ വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ച ശാന്തമ്മ കൂലിപ്പണിയെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. മക്കൾ സുനി, പരേതയായ മിനി.