is
ഐസക്

ഇളമണ്ണൂർ: കാട്ടുപന്നികളുടെ അതിക്രമം ഐസക്കിന്റെ പറമ്പിൽ നടക്കില്ല. പന്നിയെ തുരത്താൻ കാവൽക്കാർ രണ്ടുപേരുണ്ട്. ശശിയും ചെറിയാനും. 68 സെന്റിന്റെ രണ്ടതിരിലുമുള്ള കാവൽമാടങ്ങളിൽ രാത്രി അവരുണ്ടാകും. പന്നി കടന്നാൽ പാട്ടകൊട്ടി ഒാടിക്കും. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്ത് മിക്കവരും കൃഷിയിൽ നിന്ന് പിൻമാറുമ്പോൾ മരുതിമൂട് കൊല്ലായിക്കോട് വീട്ടില്‍ ഐസക്കിന് കൂസലില്ല. കപ്പ, കാച്ചില്‍, ചേന, ചേമ്പ് തുടങ്ങിയവ യഥേഷ്ടമുണ്ട് പറമ്പിൽ. പന്നി തൊടില്ല.

2018ല്‍ മികച്ച സംയുക്ത കര്‍ഷകനുള്ള ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ പുരസ്‌കാരം ഐസക്കിനായിരുന്നു. പട്ടരുകോണത്ത് പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി. വള്ളിപ്പയര്‍, കൂര്‍ക്ക , പച്ചമുളക്, ചീര, വാഴ എന്നിവയും പറമ്പിലുണ്ട്. 22 സെന്റിൽ വെറ്റക്കൊടിയും. ജൈവ വളങ്ങളും കീടനാശിനിയും ഉപയോഗിക്കും. ഇവിടെ കൃഷി തുടങ്ങിയിട്ട് ഏഴു വര്‍ഷമായി . ഭാര്യ ജയയും മക്കളായ ജിതിനയും ലാലുവും സഹായത്തിനുണ്ട്.