open

തിരുവല്ല: നഗരപരിധിയിൽ രോഗവ്യാപനം തടയുന്നതിന് ഫലപ്രദമായ നിയന്ത്രണങ്ങൾ സ്വീകരിച്ചുകൊള്ളാമെന്ന് ജില്ലാ ഭരണകൂടത്തിന് നൽകിയ ഉറപ്പിനെ തുടർന്ന് കണ്ടൈൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി. മാത്യു ടി.തോമസ് എം.എൽ.എയും നഗരസഭ ചെയർമാൻ ആർ. ജയകുമാറും ഡിവൈ.എസ്.പി ടി.രാജപ്പൻ റാവുത്തറും വ്യാപാര സംഘടനകളുടെ പ്രതിനിധികളും ചേർന്നുള്ള സംയുക്ത യോഗത്തിലാണ് ജില്ലാ ഭരണകൂടത്തിന് നിയന്ത്രണങ്ങൾ പാലിക്കാമെന്ന ഉറപ്പുനൽകിയത്. ഇതുപ്രകാരം ഇന്ന് മുതൽ നഗരസഭയിലെ 36 വാർഡുകളെയാണ് കണ്ടൈൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയത്. നഗരത്തിലുള്ള മെഡിക്കൽ സ്റ്റോറുകളും ഭക്ഷണസ്ഥാപനങ്ങളും ഒഴികെ സൂപ്പർമാർക്കറ്റും ബേക്കറികളും ഉൾപ്പെടെ എല്ലാ കച്ചവടസ്ഥാപനങ്ങളും
ഇനിയോരറിയിപ്പ് ഉണ്ടാകുന്നതുവരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ തുറക്കാവൂയെന്ന് യോഗത്തിൽ തീരുമാനിച്ചു. എല്ലാ കച്ചവട സ്ഥാപനങ്ങളിലും സാനിറ്റൈസറും കഴുകാനുള്ള സോപ്പും വെള്ളവും കരുതേണ്ടതാണ്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കച്ചവടം നടത്തണമെന്നും കച്ചവട സ്ഥാപനത്തിൽ വരുന്ന എല്ലാ ആളുകളുടെയും പേരും ഫോൺനമ്പറും സൂക്ഷിക്കണമെന്നും നിർദ്ദേശം നൽകി. നഗരസഭാ പരിധിയിലെ എല്ലാ വഴിയോരക്കച്ചവടങ്ങളും ജില്ലാ കളക്ടറുടെ നിർദേശപ്രകാരം നഗരസഭ നിരോധിച്ചു. ഈ നിർദ്ദേശങ്ങൾ അംഗീകരിക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഹെൽത്ത് സൂപ്പർവൈസർ അജികുമാർ, വ്യാപാര സംഘടനാ പ്രതിനിധികളായ എം.സലിം, സാൻലി എം. അലക്സ്, ലതാ കൊച്ചീപ്പൻ, വിനോദ് സെബാസ്റ്റ്യൻ, എം.കെ. വർക്കി എന്നിവരും പങ്കെടുത്തു

മൂന്ന് വാർഡുകൾ കണ്ടൈൻമെൻറ് സോൺ
നഗരസഭ പരിധിയിലെ 5 (വാരിക്കാട്), 7(നാട്ടുകടവ്) , 8 (മാർത്തോമ്മാ കോളേജ്) എന്നീ മൂന്ന് വാർഡുകൾ കണ്ടൈൻമെൻറ് സോണുകളായി തുടരും.