ചെങ്ങന്നൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ചെങ്ങന്നൂർ നഗരസഭാ പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. അടിയന്തര ഘട്ടത്തിൽ ഏതു സമയത്തും വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടച്ചിടും. ഇപ്പോഴുള്ള സമയക്രമത്തിൽ മാറ്റംവരുത്തി വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കേണ്ട സമയക്രമം ചുരുക്കും. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയായിരിക്കും പ്രവർത്തന സമയം
ഓൺലൈൻ മുഖേന ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെയുള്ളവ ലൈസൻസില്ലാതെ വിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. സമയക്രമം പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. വഴിയോരക്കച്ചവടം നഗരസഭ നിശ്ചയിച്ചിട്ടുള്ള സോണുകളിൽ മാത്രമാക്കണം.
യോഗത്തിൽ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.ഷെറി, ഹെൽത്ത് ഇൻസ്‌പെക്ടർ റ്റി.രാജൻ, ചെങ്ങന്നൂർ മർച്ചന്റസ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് പി. രഞ്ജിത്ത്്, വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി സതീഷ് കെ. നായർ, വ്യാപാരി വ്യവസായി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബാബു കല്ലൂത്ര, ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ഏരിയാ സെക്രട്ടറി സുനു തുരുത്തിക്കാട് എന്നിവർ പ്രസംഗിച്ചു.