പത്തനംതിട്ട: കേരളത്തിലേക്കുള്ള കൊവിഡിന്റെ രണ്ടാം വരവിൽ ഇരയായ വൃദ്ധദമ്പതികൾ ആശങ്കയില്ലാതെ ഇപ്പോഴും പറയുന്നു, മനസ്സുറപ്പോടെ നിന്നാൽ മതി. ജലദോഷം പോലെ കണ്ടാൽ മതി. എല്ലാവരും മാസ്ക് ധരിക്കണം. ശരീരം വൃത്തിയായി സൂക്ഷിക്കണം. സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിക്കണം. നമ്മുടെ നാട് തിരിച്ചുവരും.
94 വയസുള്ള കുഞ്ഞവറാച്ചൻ എന്ന തോമസിനെയും നിഴൽപോലെ ഒപ്പമുള്ള മറിയാമ്മയെയും കഴിഞ്ഞ മാർച്ചിൽ കൊവിഡ് ബാധിക്കുമ്പോൾ, അവർ ഇതു പിടിപെട്ട ഇന്ത്യയിലെ ഏറ്റവും പ്രായംകൂടിയ ദമ്പതികളായിരുന്നു.
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ആറ് മാസം പിന്നിടുമ്പോൾ റാന്നി ഐത്തല പട്ടയിൽ വീട്ടിൽ തോമസും മറിയാമ്മയും മഹാമാരിയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്; ''എല്ലാവർക്കും വേണ്ടി ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്.ആരും തളരരുത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തുമ്പോൾ എല്ലാം തീർന്നെന്നു കരുതിയതാണ്. മക്കളെ കാണണമെന്നു പറഞ്ഞിട്ടും അനുവദിച്ചില്ല. പിറ്റേന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഒറ്റപ്പെട്ടുവെന്ന് തോന്നിയതാണ്. അകന്ന് നിന്നവർ അടുത്തു തന്നെയായിരുന്നുവെന്ന് പിന്നീട് മനസിലായി''- 89കാരി മറിയാമ്മ ആ ദിവസങ്ങളെ ഒാർത്തെടുത്തത് ഇങ്ങനെയാണ്.
മാർച്ച് എട്ടിനാണ് തോമസിനും മറിയാമ്മയ്ക്കും കൊവിഡ് സ്ഥിരിച്ചത്. ഫെബ്രുവരി 28ന് ഇറ്റലിയിൽ നിന്നെത്തിയ തോമസിന്റെ മകൻ മോൻസിയും കുടുംബവും അറിഞ്ഞിരുന്നില്ല അവരിൽ കൊവിഡ് കുടിയേറിയ കാര്യം. മാർച്ച് അഞ്ചിന് തോമസിന്റെ മൂത്തമകൻ ജോസഫിനും ഭാര്യ ഓമനയ്ക്കും പനി. റാന്നിയിലെ സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ അഡ്മിറ്റാക്കി. കൊവിഡെന്ന സംശയത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ മോൻസിയെയും മരുമകളെയും കൊച്ചുമോനെയും ആശുപത്രിയിലേക്കു കൂട്ടിക്കൊണ്ടുപോയി. താമസിയാതെ ജോസഫിനെയും മറിയാമ്മയെയും ആശുപത്രിയിലെത്തിച്ചു. എല്ലാവരും രോഗമുക്തരായി.