തിരുവല്ല: കനത്തമഴയിൽ സ്വകാര്യ പുരയിടത്തിലെ സംരക്ഷണഭിത്തി ഇടിഞ്ഞു താഴേക്ക് വീണ് രണ്ട് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇന്നലെ രാത്രിയിൽ ഭയാനകമായ ശബ്ദം കേട്ട് വീട്ടിൽ നിന്നിറങ്ങി ഓടിയതിനാൽ വീട്ടുകാർ രക്ഷപെട്ടു. തിരുവല്ല നഗരസഭ 24-ാം വാർഡിൽ തുകലശേരി, ഐക്കരയിൽ ശാന്തകുമാരി, നന്ദാവനത്തിൽ ജയ എൻ.ആർ, എന്നിവരുടെ വീടുകളാണ് ഭാഗീകമായി തകർന്നത്. ഇതിന് സമീപം നിർമ്മാണം പുരോഗമിക്കുന്ന നന്ദാവനത്തിൽ ലാലിന്റെ വീടിന് മുകളിലേക്ക് മരങ്ങളും കടപുഴകി വീണു. മതിൽഭാഗം ചൂരൂര് മഠത്തിൽ ശ്രീകുമാറിന്റെ പുരയിടത്തിന്റെ സംരക്ഷണ ഭിത്തിയാണ് ശക്തമായ മഴയെത്തുടർന്ന് തകർന്ന് ഇരുപതടിയോളം താഴേക്ക് നിലംപതിച്ചത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം. ഗിരീഷ് കുമാറിന്റെ വീടിന്റെ പിൻഭാഗത്തെ അടുക്കള പൂർണമായും തകർന്നു. കിടപ്പുമുറിയും മണ്ണിടിഞ്ഞു വീണ് ഭാഗീകമായി തകർന്നു. ഇടിഞ്ഞുവീണ ചെമ്മണ്ണ് നിറഞ്ഞു കിണർ പൂർണമായും മൂടിപ്പോയി. സമീപവാസിയായ ജയയുടെ വീടിന് പിന്നിലെ ഷെഡ്, ശൗചാലയം എന്നിവ പൂർണമായും തകർന്നു. മതിലിടിഞ്ഞ് വീഴുന്ന ഭയാനകമായ ശബ്ദംകേട്ട് ഞെട്ടി ഉണർന്ന ശാന്തകുമാരിയും മകൻ ഗിരീഷും ഭാര്യയും മക്കളും വീടിന് പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. റവന്യു വകുപ്പ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. മാത്യു ടി.തോമസ് എം.എൽ.എ, സബ് കലക്ടർ ഡോ. വിനയ് ഗോയൽ, നഗരസഭ ചെയർമാൻ ആർ. ജയകുമാർ, തഹസിൽദാർ മിനി കെ.തോമസ് തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.