fish
.

@ ജില്ലയിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പദ്ധതി

പത്തനംതിട്ട: ജില്ലയിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. ഇതിനായി അച്ചൻകോവിൽ, പമ്പ, മണിമലയാർ നദികളിലും മണിയാർ, പമ്പ ജലാശയങ്ങളിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. പമ്പയിലെയും മണിമലയാറ്റിലെയും രണ്ടു വീതം കടവുകളിലും അച്ചൻകോവിലാറ്റിൽ ഒരു കടവിലുമാണ് പദ്ധതിയുടെ തുടക്കം. പന്നിവേലിച്ചിറയിലെയും കവിയൂർ പോളച്ചിറയിലെയും സർക്കാർ ഹാച്ചറികളിൽ തയ്യാറാക്കുന്ന 18.7 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. പമ്പാനദിയിൽ ആറൻമുള സത്രക്കടവിലും റാന്നി ഉപാസനക്കടവിലുമാണ് കൃഷി. അച്ചൻകോവിലാറ്റിൽ മുരിങ്ങമംഗലം ക്ഷേത്രക്കടവിലും മണിമലയാറ്റിൽ മല്ലപ്പള്ളി തിരുമാലിട ക്ഷേത്രക്കടവിലും പുറമറ്റം കോമളം കടവിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. മണിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ കാരികയം കടവിലും പമ്പ അണക്കെട്ടിന് സമീപവും മത്സ്യക്കുഞ്ഞുങ്ങളെ വളർത്തും.എം.എൽ. എമാരും മറ്റ് ജനപ്രതിനിധികളും ഇന്നുരാവിലെ 10.30ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

പുഴകളും കായലുകളും റിസർവോയറുകളും അടങ്ങുന്ന ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ സമ്പത്തിന് ജലമലിനീകരണം, മണലൂറ്റ്, കൈയേറ്റങ്ങള്‍ തുടങ്ങിയവ മൂലം വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതുമൂലം മത്സ്യത്തൊഴിലാളികളുടെയും വനവാസികളുടെയും വരുമാനത്തിൽ കുറവ് വന്നു. ഈ അവസ്ഥ തരണം ചെയ്യുന്നതിനും മത്സ്യസമ്പത്ത് വർദ്ധിപ്പിച്ച് മത്സ്യത്തൊഴിലാളികളുടെയും വനവാസികളുടേയും സ്ഥിരവരുമാനം ഉറപ്പുവരുത്താനുമാണ് ഫിഷറീസ് വകുപ്പ് റാഞ്ചിംഗ് അഥവാ മത്സ്യവിത്ത് നിക്ഷേപ പദ്ധതി നടപ്പിലാക്കുന്നത്.

-------------------

മത്സ്യക്കുഞ്ഞ് നിക്ഷേപം

> കടവുകളിൽ 12.5 ലക്ഷം.

> ജലാശയങ്ങളിൽ 6.2 ലക്ഷം

---------------------

മത്സ്യങ്ങൾ പൂർണ വളർച്ചയെത്തുന്നതിന് 8 മുതൽ 12 മാസം വരെയെടുക്കും. വളർച്ചയെത്തിയാൽ നാട്ടുകാർക്കും മത്സ്യത്തൊഴിലാളികൾക്കും പിടിക്കാം.

-----------------

പ്രകൃതിദത്തമായാണ് മത്സ്യങ്ങളെ വളർത്തുന്നത്. നിക്ഷേപിക്കുന്നതിന്റെ 10 ശതമാനം മത്സ്യങ്ങളെ പിടിക്കാൻ കഴിയുമെന്നാണ് പതീക്ഷ.

എസ്. പ്രിൻസ്, ജില്ലാ ഫിഷറീസ് ഒാഫീസർ.