പത്തനംതിട്ട : പതിറ്റാണ്ടുകൾ മുൻപു തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിശബ്ദമായി സജീവമായിരുന്നു 1957 ഓഗസ്റ്റ് 15ന് സ്ഥാപിതമായ കുളനട പുതുവാക്കൽ ഗ്രാമീണ വായനശാല.നാട്ടിലെ എട്ട് അദ്ധ്യാപകരുടെ നേതൃത്വത്തിൽ രണ്ടു യുവാക്കളും നല്ലവരായ ഒരു പറ്റം നാട്ടുകാരും ചേർന്നു രൂപം നൽകിയ വായനശാല നിർദ്ധനരും രോഗബാധിതരുമായ പത്തിലേറെ കുടുംബങ്ങൾക്കു പ്രതിമാസം ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയിട്ടു വർഷങ്ങളായി. സാധാരണക്കാരുടെ ബുദ്ധിമുട്ടുകളിൽ കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി വായനശാലയിൽ ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്. ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയാണു ചാരിറ്റി ഫണ്ട് ഉദ്ഘാടനം ചെയ്തത്.ചികിത്സ, പഠന സഹായങ്ങൾ എന്നിവയ്ക്കു വേണ്ടി ഏഴു ലക്ഷത്തോളം രൂപയാണ് ആഘോഷങ്ങളില്ലാതെ ഇതിനോടകം വിതരണം ചെയ്തത്. ഇപ്പോൾ മൂന്നു കുടുംബങ്ങളിലേക്ക് പഠന സഹായമായി ടി.വി നൽകി.സർക്കാർ ഏജൻസികളുടെയൊന്നും സഹായമില്ലാതെയാണ് ഇത്രയും തുക നൽകിയത്.വായനശാല മുൻ സെക്രട്ടറി എം. ജേഷിന്റെ നേതൃത്വത്തിൽ പ്രവാസി അംഗങ്ങളാണ് ഇതിനായി ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. പി.ജെ. റോഷൻ കൺവീനറായുള്ള സമിതിക്കാണു ചാരിറ്റി ഫണ്ടിന്റെ ചുമതല.അയ്യപ്പഭക്തർക്കു സ്വീകരണങ്ങൾ ഒരുക്കുന്നുമുണ്ട്. ഇതിനും ഏറ്റവും കൂടുതൽ സംഭാവന പ്രവാസി അംഗങ്ങളാണു നൽകുന്നത്. വാഴവിളയിൽ ശ്രീധരൻ എളിയ നിലയിൽ തുടങ്ങിയ സംഭാരവിതരണം ശ്രീധരന്റെ മരണശേഷം വായനശാലയുടെ നേതൃത്വത്തിൽ ഇപ്പോൾ ഏറ്റെടുത്തു വിപുലമായ തോതിൽ നടത്തുകയാണ്.
പതിനായിരത്തിലേറെ ഗ്രന്ധങ്ങൾ, കുട്ടികൾക്കായി പ്രത്യേക വിഭാഗം
യുവജനങ്ങൾക്കും തൊഴിൽരഹിതർക്കും ജീവിതനൈപുണ്യ പരിശീലനവും കരിയർ മാർഗനിർദേശവും നൽകുന്നതിനായി മുൻ പ്രസിഡന്റ് കെ.പി. മുരളീധരൻപിള്ള സ്മാരക സ്കിൽ ഡവലപ്മെന്റ് സെന്റർ റിട്ട. ഡി.വൈ.എസ്.പി എൻ.ടി. ആനന്ദന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.പതിനായിരത്തിലേറെ ഉത്തമ ഗ്രന്ഥങ്ങളുടെ ശേഖരമുള്ള വായനശാലയിൽ കുട്ടികൾക്കായി പ്രത്യേക വിഭാഗവുമുണ്ട്.പ്രസിഡന്റ് ജോസ് കെ. തോമസ്, സെക്രട്ടറി ശശി പന്തളം,വൈസ് പ്രസിഡന്റ് എൻ.ടി. ആനന്ദൻ,ജോ.സെക്രട്ടറി പി.എം.സാമുവൽ എന്നിവരുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് ഭരണച്ചുമതല.അനില ബിജുവാണ് ലൈബ്രേറിയൻ.