road
പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു.

കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി മുതൽ പുനലൂർ വരെയുള്ള ഭാഗത്തെ വികസന ജോലികൾ വേഗത്തിലാക്കാൻ നടപടി തുടങ്ങി. കെ.എസ്.ടി.പി രണ്ടാം ഘട്ടത്തിലാണ് പണി ഉൾപ്പെടുത്തിയിരിക്കുന്നത്.
പെരുമ്പാവൂർ ആസ്ഥാനമായ ഇ.കെ.കെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.
വീതി കൂട്ടി പുനർനിർമ്മിച്ച് ഡി.ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തി പൂർത്തീകരിക്കും.
സംസ്ഥാനത്ത് പ്രൊക്യൂർമെന്റ് കൺസ്ട്രക്ഷൻ രീതിയിൽ നിർമ്മിക്കുന്ന ആദ്യ റോഡാണിത്.
4 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്.10 മീറ്ററിൽ ടാറിംഗ് നടത്തും. ഇരുവശത്തും രണ്ട് മീറ്റർ വീതിയിൽ നടപ്പാതനിർമ്മിക്കും.
കോന്നി നിയോജക മണ്ഡലത്തിന്റെ പരിധിയിൽ 16.2 കിലോമീറ്റർ ദൂരത്തിൽ ഡ്രെയിനേജ് നിർമ്മിക്കും. അഞ്ച് കിലോമീറ്റർ ദൂരത്തിൽ ഫൂട്ട് പാത്ത് കം ഡ്രെയിനേജും ഉണ്ടാകും. 1.46 കിലോമീറ്റർ വി.ഡ്രെയിനും 49 കലുങ്കുകളും, രണ്ട് പാലവും നിർമ്മിക്കും. 11 ജംഗ്ഷനുകൾ വികസിപ്പിക്കും. എല്ലാ ബസ് സ്റ്റോപ്പുകളും ബസ്‌ബേ കളാക്കും. വഴിവിളക്കും ട്രാഫിക് ലൈറ്റുകളും സ്ഥാപിക്കും..

മൈലപ്ര പഞ്ചായത്തിലെ വളവുകൾ നേരെയാക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. ഗതാഗതം വഴി തിരിച്ചു വിട്ടാണ് പണി നടക്കുന്നത്. .2021 ഡിസംബർ വരെയാണ് നിർമ്മാണ കാലാവധി.
നിർമ്മാണം വിലയിരുത്താൻ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ യോഗം ചോർന്നു.
കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എൻജിനീയർ കെ. ജാസ്മിൻ, അസി.എക്സി.എൻജിനീയർ ബി.ദീപ, അസിസ്റ്റന്റ് എൻജിനീയർ അനിലാ ജോസ്, ലോകബാങ്ക് കൺസൾട്ടന്റ് ടീം ലീഡർ റ്റി.രമേഷ്, സേഫ്ടി സ്‌പെഷ്യലിസ്റ്റ് പെണ്ണമ്മ, പ്രൊജക്ട് മാനേജർ സുനിൽ കുമാർ, ജയ്പൂർ സി.ഇ.ജി കൺസൾട്ടിംഗ് കമ്പനി അസി. റസിഡന്റ് എൻജിനീയർ ലക്ഷ്മി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

-----------

പൊൻകുന്നം മുതൽ പുനലൂർ വരെ- 82.11കിലോമീറ്റർ

അടങ്കൽ തുക 737.64കോടി രൂപ

കോന്നി നിയോജക മണ്ഡലത്തിൽ- 13.06 കിലോമീറ്റർ