 
ചെങ്ങന്നൂർ: ആല കുളിക്കാംപാലം റോഡിൽ വീണ്ടും അറവുമാലിന്യം തള്ളി. കഴിഞ്ഞദിവസം രാത്രിയിൽ ചാക്കിൽ കെട്ടിയ അറവ് മാലിന്യങ്ങളും ഇറച്ചിക്കോഴിയുടെയും ഹോട്ടലിലെ മാലിന്യങ്ങളുമാണ് ജനസഞ്ചാരമുള്ള റോഡരികിൽ തള്ളിയത്. റോഡരികിൽ നാലിടങ്ങളിലായാണ് മാലിന്യം തള്ളിയത്. ഇതു മൂലം പ്രദേശമാകെ ദുർഗന്ധം വമിക്കുകയാണ്. കഴിഞ്ഞ 21ന് 20 ഓളം ചാക്ക് മാലിന്യം ഈ പ്രദേശങ്ങളിൽ വിവിധയിടങ്ങളിൽ രാത്രിയുടെ മറവിൽ തള്ളിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
നാട്ടുകാർ സംഘടിച്ച് പ്രതിക്ഷേധിച്ചതിനെ തുടർന്ന് പഞ്ചായത്ത് മെമ്പറും ബ്ലോക്ക് മെമ്പറും സ്ഥലത്തെത്തി മാലിന്യം ജെ.സി.ബി ഉപയോഗിച്ച് മറവ് ചെയ്യുകയായിരുന്നു. ഇതു സംബന്ധിച്ച് ചെങ്ങന്നൂർ ആർ.ഡി.ഒ യ്ക്കും പൊലീസിനും പരാതി നൽകിയിരുന്നു. ഈ സംഭവം നിലനിൽക്കെയാണ് വീണ്ടും ഇവിടെ മാലിന്യ നിക്ഷേപം നടത്തിയത്.
ഈച്ചയും കൊതുകും പെരുകി
തെരുവുപട്ടികൾ മാലിന്യ ചാക്ക് കടിച്ചുകീറി പരിസരമാകെ മലീമസമാക്കി. കാക്കകൾ കൊത്തി സമീപത്തുള്ള ജല സ്രോതസിലും മറ്റും നിക്ഷേപിക്കുന്നുണ്ട്. വാഹനയാത്രികരും കാൽനടക്കാരുമടക്കം നിരവധി പേരാണ് ഈ റോഡിലൂടെ ദിവസവും സഞ്ചരിക്കുന്നത്.മഴ കനത്തതോടെ പരിസരമാകെ വൃത്തിഹീനമാണ്. ഈച്ചയും കൊതുകും പെരുകി. പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാദ്ധ്യതകൾ തളളിക്കളയാവുന്നതല്ല. സംഭവം അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തുടർന്ന് സമീപവാസികൾ സംഘടിച്ച് എം.എൽ.എ സജി ചെറിയാനും ,ആലപ്പുഴ എ.ഡി.എമ്മിനും പരാതി നൽകി.
-ജന സഞ്ചാരമുള്ള പ്രദേശം
-പകർച്ചവ്യാധിക്ക് സാദ്ധ്യത