പത്തനംതിട്ട- ജില്ലയിൽ ഇന്നലെ 54 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 9 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 38 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പഴകുളത്ത് രോഗവ്യാപനം കൂടുന്നു
പഴകുളത്ത് സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം നാലുപേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിന് പുറമേ ഇന്നലെ നാല് പേർക്ക് കൂടി രോഗം കണ്ടെത്തി. അടൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറുടെ സമ്പർക്കത്തിലുണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ രണ്ട് മക്കൾക്കും അയൽവാസിയായ അറുപത്തിമൂന്നുകാരിക്കും അവരുടെ മരുമകൾക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പള്ളിക്കൽ പഞ്ചായത്തിലെ രോഗികളുടെ എണ്ണം 26 ആയി . 20 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിവിധ വാർഡുകൾ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആളുകൾക്ക് വേണ്ടത്ര ജാഗ്രതയില്ല. പഴംകുളം മംഗല്യാ ആഡിറ്റോറിയത്തിൽ ഇന്നലെ പള്ളിക്കൽ പി. എച്ച്. സി യുടെ നേതൃത്വത്തിൽ റാപ്പിഡ് ടെസ്റ്റ് നടത്തി. 173 പേർ പരിശോധനയ്ക്ക് വിധേയരായി.
പള്ളിക്കൽ പഞ്ചായത്തിൽ ഇതുവരെയും ഫസ്റ്റ് ലൈൻട്രീറ്റ്മെന്റ് സെന്റർ തുടങ്ങിയിട്ടില്ല. തെങ്ങമം ഗവ:ഹയർസെക്കൻഡറിസ്കൂൾ സെന്ററിനായി തിരഞ്ഞെടുത്തെങ്കിലും മെഡിക്കൽ ഒാഫീസർ നടത്തിയ പരിശോധനയിൽ സെന്റർ നടത്തുന്നതിനുള്ള സൗകര്യമില്ലാത്തതിനാൽ ഒഴിവാക്കുകയായിരുന്നു പെരിങ്ങനാട് മർത്തശ്മൂനി പള്ളി വക ഹാളിൽ സെന്റർ തുടങ്ങുന്നതിന് ആലോചിക്കുന്നുണ്ട്.
തിരുവല്ലയിൽ നിയന്ത്രണാതീതം
തിരുവല്ല താലൂക്കിൽ കൊവിഡ് ബാധിതരുടെ എണ്ണം 148 ആയി . ദിവസവും നൂറിലധികം പേരുടെ സ്രവം പരിശോധിക്കുന്നുണ്ട്. ഇന്നലെ 133 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .. തിരുവല്ല താലൂക്ക് ആശുപത്രിയിലാണ് താലൂക്കിലെ ഒരേയൊരു കൊവിഡ് പരിശോധനാ കിയോസ്‌ക്ക് . രാവിലെ പത്തുമുതൽ ഒരുമണിവരെയാണ് പ്രവർത്തനം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത്. ഇപ്പോൾ ദിവസവും ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒന്നിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ടതും മത്സ്യവ്യാപാരികൾക്ക് രോഗബാധ ഉണ്ടായതും ആശങ്ക കൂട്ടി. രോഗം സംശയിക്കുന്നവരുടെ സ്രവം തിരുവനന്തപുരത്തെ ലാബിലാണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഇവിടെ നിന്ന് ഫലം അറിയാൻ ഒരാഴ്ചയ്ക്ക് മേൽ സമയമെടുക്കുന്നതിനാൽ കൂടുതൽ ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വരുന്നു.