police
.

പത്തനംതിട്ട : എസ്.പി .ഓഫീസിലെ കൊവിഡ് കൺട്രോൾ സെല്ലിലെ പൊലീസുകാരൻ അടക്കം 7 പൊലീസുകാർക്ക് ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാലുപേർ എ. ആർ ക്യാമ്പിലുള്ളവരാണ് .ഒരാൾ മലയാലപ്പുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും. മറ്റേയാൾ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഓഫീസിലെ ഡ്രൈവറുമാണ്. ഇത്രയും പൊലീസുകാർക്ക് ഒന്നിച്ച് രോഗം സ്ഥിരീകരിക്കുന്നത് ജില്ലയിൽ ആദ്യമായാണ്. ഇതേത്തുടർന്ന് എസ്.പി ഓഫീസും പരിസരവും എ. ആർ ക്യാമ്പും ഫയർഫോഴ്സ് അണുവിമുക്തമാക്കി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ ഓഫീസിലാണ് പൊലീസിന്റെ കൊവിഡ് കൺട്രോൾ സെൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ജോലിക്ക് വന്ന പൊലീസുകാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കൊപ്പം ബുധനാഴ്ച ഉച്ചവരെ ഉണ്ടായിരുന്ന ഡ്രൈവറാണ് രോഗം സ്ഥിരീകരിച്ച മറ്റേയാൾ . മലയാലപ്പുഴ സ്റ്റേഷനിൽ രണ്ട് ദിവസം മുമ്പ് എസ്. എച്ച്.ഒായ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിൽ നിന്നാണ് സ്റ്റേഷനിലെ പൊലീസുകാരനും രോഗം പിടിപെട്ടതെന്ന് കരുതുന്നു. ഇവരുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കിവരികയാണ്. ജില്ലയിൽ ആദ്യമായി പൊലീസ് സ്റ്റേഷനിൽ കൊവിഡ് സ്ഥിരീകരിച്ചത് ചിറ്റാർ സ്റ്റേഷനിലാണ്. കോന്നി , പുളിക്കീഴ്, അടൂർ, മലയാലപ്പുഴ സ്റ്റേഷനുകളിലെ പൊലീസുകാർക്കും പിന്നീട് രോഗം സ്ഥിരീകരിച്ചിരുന്നു.