പത്തനംതിട്ട: രാഷ്ട്രീയ പ്രവർത്തകരും ജനപ്രതിനിധികളും 55-ാം വയസിൽ വിരമിക്കണമെന്ന സജി ചെറിയാൻ എം.എൽ. എയുടെ ഫേസ് ബുക്ക് പോസ്റ്റിനോട് സി.പി.എം സംസ്ഥാന നേതാക്കൾക്ക് അതൃപ്തിയെന്നറിയുന്നു. സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതിപക്ഷവും ബി.ജെ.പിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തു നിൽക്കുമ്പോൾ പാർട്ടി സംസ്ഥാന സമിതിയംഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം മോശമായെന്ന് ഒരു വിഭാഗം വാദിക്കുന്നു. 55 വയസുള്ളവർ അധികാരത്തിൽ നിന്ന് വിരമിക്കപ്പെടണമെന്ന് പറയുമ്പോൾ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് അത് ബാധകമാണെന്ന് പറഞ്ഞ രീതിയിലാണ് ഇവർ സജിയുടെ പോസ്റ്റിനെ വ്യാഖ്യാനിക്കുന്നത്. എന്നാൽ,നേതാക്കളാരും പരസ്യ പ്രതികരണത്തിനെത്തിയിട്ടില്ല.

സജിയുടെ പോസ്റ്റിനെ ലൈക്ക് ചെയ്ത ഡി.വൈ.എഫ്.ഐ, എസ്.എഫ്.എെ നേതാക്കളും ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. വിഷയം പാർട്ടി ജില്ലാ കമ്മറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും ഉന്നയിക്കപ്പെട്ടേക്കും.

അതേസമയം, സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും പാർട്ടി നയത്തിന് എതിരാണെന്ന് വിമർശനം വന്നയുടൻ പിൻവലിച്ചെന്നും സജിയുമായി അടുപ്പമുള്ളവർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് മണിക്കൂറുകൾക്കുളളിൽ പിൻവലിച്ചതിനാൽ സജിയോട് തൽക്കാലം വിശദീകരണം തേടേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടെന്നറിയുന്നു.