പത്തനംതിട്ട : ജില്ലയിലെ കൊവിഡ് റാപ്പിഡ് പരിശോധനയ്ക്കായി അഞ്ചു വാഹനങ്ങൾ സംഭാവന ചെയ്തത് മാതൃകാപരമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ജില്ലയിലെ കൊവിഡ് റാപ്പിഡ് പരിശോധകൾക്കായി സംഭാവനയായി ലഭിച്ച അഞ്ചു വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് പത്തനംതിട്ട കളക്ടറേറ്റിൽ ചേർന്ന വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ പരിശോധന കൂടുതൽ നടത്തിയെങ്കിൽ മാത്രമേ ഗുണമുണ്ടാകു. സംസ്ഥാനത്തുതന്നെ രോഗം പൊട്ടിപ്പുറപ്പെട്ടത് പത്തനംതിട്ട ജില്ലയിലാണ്. എങ്കിലും മികച്ച രീതിയിലാണ് ജില്ലയുടെ പ്രവർത്തനം. ഈ അഞ്ചു വാഹനങ്ങളുടെ സഹായത്തോടെ ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സ്ഥലങ്ങളിൽ നിന്നും കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥലങ്ങളിൽ നിന്നും ഗതാഗത മാർഗം ലഭ്യമല്ലാത്ത സ്ഥലങ്ങളിലും സ്രവം പരിശോധനക്കായി ശേഖരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എം.എൽ.എമാരായ മാത്യു ടി.തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാർ, വീണാ ജോർജ്, കെ.യു ജനീഷ് കുമാർ, ജില്ലാ കളക്ടർ പി.ബി നൂഹ്, ഡി.എം.ഒ (ആരോഗ്യം) ഡോ. എ എൽ ഷീജ എന്നിവർ സംസാരിച്ചു.