കൊലപാതകമെന്ന് ബന്ധുക്കൾ
ചിറ്റാർ: വനംവകുപ്പ് സ്ഥാപിച്ച കാമറ നശിപ്പിച്ചെന്നാരോപിച്ച് വനപാലകർ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ട സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ചിറ്റാർ കുടപ്പന പടിഞ്ഞാറെ ചരുവിൽ പരേതനായ പാപ്പിയുടെ മകൻ ടി.ടി.മത്തായി ( പൊന്നുമോൻ- 40) ആണ് മരിച്ചത്. മത്തായിയെ വനപാലകർ മർദ്ദിച്ച് അവശനാക്കിയ ശേഷം കിണറ്റിൽ തള്ളിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ജില്ലാ പൊലീസ് സൂപ്രണ്ട് കെ.ജി.സൈമണിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കുടപ്പനയിൽ വീടിനോട് ചേർന്ന് പന്നി ഫാം നടത്തുകയാണ് മത്തായി.കുടപ്പനയിൽ വനംവകുപ്പ് സ്ഥാപിച്ച കാമറ മത്തായി കേടുവരുത്തിയെന്നാരോപിച്ച് ചൊവ്വാഴ്ച വൈകിട്ടാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ മത്തായിയെ കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പിനായി മത്തായിയെ കൊണ്ടുവന്നപ്പോൾ ഒാടി രക്ഷപ്പെടാൻ ശ്രമിച്ച് കിണറ്റിൽ വീണെന്നാണ് വനപാലകർ പറയുന്നത്. എന്നാൽ സംഭവം നടന്ന് ഏറെ സമയം കഴിഞ്ഞാണ് മത്തായി കിണറ്റിൽ വീണ കാര്യം വീട്ടുകാരെ അറിയിച്ചതത്രേ. തുടർന്ന് നാട്ടുകാർ സംഘടിച്ച് വനപാലകരെ തടഞ്ഞു വയ്ക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ എത്തിയ ശേഷം കിണറ്റിൽ നിന്ന് മൃതദേഹം എടുത്താൽ മതിയെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു. മത്തായിയുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിമോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണം നടത്തുന്നതിന് സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ ചെയർമാനായ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.മണിയാർ ഹൈസ്കൂൾ ജീവനക്കാരി ഷീബയാണ് മത്തായിയുടെ ഭാര്യ. മക്കൾ- സോന, ഡോണ.